ടി.എം സക്കീര്‍ ഹുസൈനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ കമ്മിറ്റി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.പി.എം കളമശേരി ഏരിയാസെക്രട്ടറി ടി.എം സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നി പദവികളില്‍ നിന്നു ഒഴിവാക്കണമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തേക്കും.
ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റാണ് പുറത്താക്കാനുള്ള നിര്‍ദേശം കൈക്കൊണ്ടത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ സി.എം ദിനേശ്മണി, പി.ആര് മുരളി എന്നിവരടങ്ങിയ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കളമശ്ശേരി ഏരിയ സെക്രട്ടറി ആയിരുന്നസമയം തൊട്ട് സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന് അറസ്റ്റിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അതിനുശേഷമാണുണ്ടായത്.
തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ എളമരം കരീം അധ്യക്ഷനായ പാര്‍ട്ടി കമ്മിഷന് നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ഹുസൈന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനം തിരികെ നല്കിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് ആഡംബര വസതി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. സി.പി.എം കളമശേരി ബ്രാഞ്ച് സെക്രട്ടറി കെ.കെ ശിവന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
സക്കീര്‍ ഹുസൈന് അഞ്ച് വീടുകള്‍ ഉണ്ടെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തി. പാര്‍ട്ടി പ്രാദേശിക നേതാക്കളുള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തടയുന്നതില്‍ സക്കീര്‍ ഹുസൈന് ജാഗ്രതക്കുറവുണ്ടായതായും കമ്മിഷന് വിലയിരുത്തി.
ഏറ്റവുമൊടുവിലായി പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗവും സി.പി.എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പിലും സക്കീര്‍ ഹുസൈന്റെ പേരുണ്ടായിരുന്നു.
നടപടി സംബന്ധിച്ച ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
ഇതോടെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീറിനെ പുറത്താക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."