HOME
DETAILS
MAL
ഭൂപടം: നേപ്പാള്‍ പിടിമുറുക്കിയതിന് പിന്നില്‍ ആഭ്യന്തര രാഷ്ട്രീയം
backup
June 16 2020 | 04:06 AM
കാഠ്മണ്ഡു: ഇന്ത്യയുടെ കൈവശമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം നിര്‍മിച്ചതിനു പിന്നില്‍ രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. ഭരണഘടനാ ഭേദഗതിയിലൂടെ പൊതുവികാരം കൂടെ നിര്‍ത്തി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ നില ഭദ്രമാക്കുകയാണ് പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ലക്ഷ്യമിട്ടതെന്നാണ് നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ കൊവിഡ് കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തി ഒലി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ മേയില്‍ പാര്‍ട്ടിക്കകത്തു നിന്ന് സമ്മര്‍ദം ഉയര്‍ന്നിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കസേര ഇളകിയിരിക്കുമ്പോള്‍ ഒലിക്കു കിട്ടിയ കച്ചിത്തുരുമ്പാണ് ഭൂപടം.
യു.എസിന്റെ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയില്‍ വലിയ ചേരിതിരിവുണ്ടായിരുന്നു. ഇത് ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് ഒലിയുടെ എതിരാളികള്‍ പറഞ്ഞത്. ഒലി ഈ വിഷയം പാര്‍ലമെന്റ് മുമ്പാകെ വച്ചപ്പോള്‍ യു.എസ് സഹായം ഇന്‍ഡോ പെസഫിക് നയതന്ത്രത്തിന്റെ ഭാഗമാണെന്നും ചൈനയുടെ മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണെന്നും അവര്‍ വാദിച്ചു. ഇന്ത്യയുടെ പ്രദേശങ്ങളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവയുള്‍പ്പെട്ട ഭൂപടം നിര്‍മിക്കുന്നതിന് ഭരണഘടനാ ഭേദഗതി വരുത്താന്‍ ശനിയാഴ്ച നേപ്പാള്‍ പാര്‍ലമെന്റ് ജനപ്രതിനിധിസഭ അനുമതി നല്‍കിയിരുന്നു.
ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പലരും ഉപദേശിച്ചെങ്കിലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഇതോടെ അവസാനിച്ചുകിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം ചൈനയുമായി ചര്‍ച്ചയ്ക്ക് തയാറായ ഇന്ത്യ നേപ്പാളിന്റെ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി പറഞ്ഞു. പാര്‍ലമെന്റില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയെ കുറിച്ച എം.പിമാരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അതേസമയം ഇത് ശരിയല്ലെന്നാണ് കാഠ്മണ്ഡുവിലെ ഒരു ഉന്നത വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഫോണിലൂടെയും വിഡിയോ കോണ്‍ഫറന്‍സിലൂടെയും സംസാരിക്കുകയും അതിര്‍ത്തി തര്‍ക്കം ചര്‍ച്ചചെയ്യുന്നതിന് നേപ്പാള്‍ വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വിവാദ ബില്‍ സഭയിലെത്തുന്നതുവരെ ഇന്ത്യ നേപ്പാള്‍ വിദേശകാര്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ചയ്ക്ക് തയാറായിരുന്നുവെന്നാണ് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി ഒലി ഇന്ത്യയുടെ സന്നദ്ധതയില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ പറയുന്നത്. നയതന്ത്ര ചര്‍ച്ചയ്ക്കുള്ള ഇന്ത്യയുടെ ക്ഷണം ഒലി അവഗണിക്കുകയായിരുന്നു. ചൈനയുടെ പ്രീതി സമ്പാദിക്കുന്നതും ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രിയെ അകറ്റിയതായി പറയപ്പെടുന്നു. 2016ല്‍ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി പ്രധാനമന്ത്രി ഒലി ആരോപിച്ചിരുന്നു. ചൈന വലിയതോതില്‍ നേപ്പാളിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും നേപ്പാളുമായി ചരിത്രപരമായി മികച്ച ബന്ധമാണ് ഇന്ത്യക്കുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ഒലി ആരോപണമുന്നയിച്ചെങ്കിലും 25 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും നേപ്പാളിന് നല്‍കുകയാണ് ഇന്ത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."