മിനി സിവില്‍ സ്റ്റേഷന് സ്ഥലമായി ഇനി വേണ്ടത് സര്‍ക്കാര്‍ ഫണ്ട്
ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിലുള്ള കടുവാമൂഴി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ നീങ്ങുന്നു. നഗരസഭ കടുവാമൂഴി സ്റ്റാന്‍ഡ് വിട്ടുനല്‍കാന്‍ തീരുമാനമെടുത്തതോടെ ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാട്ടി വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ന് റവന്യൂമന്തി ഇ ചന്ദ്രശേഖരന് കത്ത് നല്‍കി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയെന്ന ലഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. നഗരസഭ സ്ഥലം കണ്ടെത്തിയാല്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാരില്‍ നിന്നും തുക അനുവദിപ്പിക്കാമെന്ന് പി.സി ജോര്‍ജ് എംഎല്‍എ അറിയിച്ചിരുന്നു.
നിലവില്‍ കടുവാമൂഴി ബസ്റ്റാന്‍ഡ് ആളൊഴിഞ്ഞ നിലയിലാണ്. നിലവിലെ സ്റ്റാന്‍ഡ് നിലനിര്‍ത്തിക്കൊണ്ടാവും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുകയെന്ന് ചെയര്‍മാന്‍ വികെ കബീര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും എത്തിയാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായ ബസ് സ്റ്റാന്‍ഡ് സജീവമാകും.
രണ്ട് പ്രാവശ്യം സ്റ്റാന്‍ഡ് തുറന്നപ്പോഴും വളരെ കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഇവിടം ഉപയോഗിച്ചിരുന്നത്. പുതിയ സംവിധനം നിലവില്‍ വന്നാല്‍ ആളുകള്‍ കൂടുതലെത്തും. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കൂരയ്ക്ക് കീഴിലായാല്‍ ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാകുകയും ചെയ്യും.
ഈരാറ്റുപേട്ട ബൈപ്പാസ് - ഭൂവുടമകളുമായി ചര്‍ച്ച നടത്തും
ഈരാറ്റുപേട്ട: എം.ഇ.എസ് ജംങ്ഷന്‍ ബൈപാസിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഭൂവുടമകളുമായി അധികൃതര്‍ തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഓഫീസര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് അംഗങ്ങള്‍,
വില്ലജ് ഓഫീസര്‍ എന്നിവരും പഠനത്തിന് നേത്യത്വം കൊടുക്കുന്ന ഓര്‍ഗനൈസേഷന്‍ അംഗങ്ങളും പങ്കെടുക്കും. ഈരാറ്റുപേട്ടയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ 1.8 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ബൈപ്പാസ്. പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം സ്ഥലം ഏറ്റെടുപ്പും പദ്ധതി നിര്‍മാണവും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."