വാധ്യാര്‍ ചള്ളയിലെ ആറ് ആദിവാസി കുടുംബങ്ങള്‍ ഇന്നും ജീവിക്കുന്നത് ഓലക്കുടിലുകളില്‍
പാലക്കാട്: പുതുശേരി പഞ്ചായത്തില്‍പ്പെടുന്ന വാധ്യാര്‍ചള്ളയിലെ ആറ് ആദിവാസി ഇരുളകുടുംബങ്ങള്‍ ഇന്നും ജീവിക്കുന്നത് ഓലകെട്ടി മറച്ച കുടിലുകളിലാണ്. കഴിഞ്ഞ അറുപതു വര്‍ഷമായി സ്വന്തമായൊരു പട്ടയത്തിനും വീടിനുമായി 86കാരനായ മൂപ്പന്‍പാലിയും ഭാര്യ പാര്‍വതിയും കയറിയിറങ്ങാത്ത ഓഫിസുകളില്ല. മടുത്തപ്പോള്‍ പട്ടയമെന്ന മോഹം ബാക്കിവെച്ചു.
ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ കൊച്ചുകുട്ടികളുമായി കഴിയുന്ന ഇവിടത്തെ കുടുംബങ്ങള്‍ ദുരിതജീവിതമാണ് നയിക്കുന്നത്. ഇതിനു പുറമെ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഈപ്രദേശത്ത് കാട്ടാനക്കൂട്ടങ്ങളും എത്താറുണ്ട്. പുതുശേരിപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെടുന്ന സ്ഥലത്ത് എത്താന്‍ നല്ലൊരു റോഡില്ല.
വീടെല്ലാം ഓലപ്പുരയാണെങ്കിലും നാല് വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുടിക്കാനിത്തിരി വെള്ളം നല്‍കാന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. അവരിപ്പോള്‍ തൊട്ടടുത്ത ചെറിയ അരുവിയില്‍ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. ഇവിടെ തന്നെയാണ് കുളിക്കലും അലക്കലുമെല്ലാം.
വേനല്‍ക്കാലത്ത് രണ്ടു കിലോമീറ്റര്‍ അകലെയുള്ള അരുവിക്കരയില്‍ കുഴിയെടുത്ത് അതിലെ വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. മിക്കപ്പോഴും ഇവര്‍ക്ക് പണിയുമില്ലാത്തതിനാല്‍ കുടുംബങ്ങള്‍ അര്‍ദ്ധപട്ടിണിക്കാരാണ്. മഴശക്തിപ്പെട്ടാല്‍ ഇവര്‍ക്ക് ഈ കുടിലുകളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയില്ല. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന ലൈഫ് പദ്ധതിയിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോളനിവാസികളായ ശേഖറും,സന്തോഷും പറയുന്നു.
വീടില്ലാത്ത ആദിവാസികള്‍ക്കെല്ലാം വീടും സ്ഥലവും നല്‍കുമെന്ന് മുഖ്യമന്തി പലതവണ പ്രഖ്യാപിച്ചിട്ടും ഇടതു പക്ഷം ഭരിക്കുന്ന പുതുശേരി ഗ്രാമപഞ്ചായത്തിലെ വാധ്യാര്‍ചള്ളയിലെ ഈ ആദിവാസി കുടുംബങ്ങളെ പഞ്ചായത്തും തഴഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ കുടിവെള്ളം രൂക്ഷമായതിനാല്‍ ഒരു ബോര്‍വെല്‍ സ്ഥാപിക്കാന്‍ അധികൃതര്‍ സ്ഥല പരിശോധന നടത്തി പോയിട്ട് വര്‍ഷമൊന്നായി. ഒന്നും നടന്നില്ല.
വടശേരി മാതു മന്നാടിയാര്‍ ഓരോരുത്തര്‍ക്കും പതിച്ചു നല്‍കിയ സ്ഥലത്തിന് ഇതുവരെയും പട്ടയം നല്‍കാന്‍ അധികാരികള്‍ക്കായിട്ടില്ല. കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി എവിടെ കുടില്‍കെട്ടി ജീവിക്കുന്നവരാണെന്ന് മൂപ്പന്‍ പാലി സുപ്രഭാതത്തോട് പറഞ്ഞു.
മൂപ്പന്റെ രണ്ടു മക്കള്‍ തൊട്ടപ്പുറത്തെ കോളനിയില്‍ കഴിയുന്നുണ്ട്. ഭാര്യ പാര്‍വതി കൂലിപ്പണിയെടുത്തു കൊണ്ടുവരുന്നതുകൊണ്ട് കഴിഞ്ഞുപോകുന്നു. പ്രായം തളര്‍ത്തിയതിനാല്‍ കാടിനകത്തു നിന്നും മരുന്നുചെടികള്‍ പറിച്ചുകൊണ്ടു വില്‍ക്കാനും പറ്റുന്നില്ലെന്നു അദ്ദേഹം പറയുന്നു.
മഴക്കാലമായാല്‍ ഇവിടെ താമസിക്കുന്നവര്‍ കാട്ടില്‍കയറി മരുന്നുചെടികള്‍ പറിച്ചു വില്‍ക്കും. ഓരോ വര്‍ഷവും ഓലപ്പുരകള്‍ കെട്ടിമേയണം. വര്‍ഷങ്ങളായി അതിനും പണമില്ല. ഇപ്പോള്‍ പ്‌ളാസ്റ്റിക് ചാക്കുകള്‍ മുകളിലിട്ടാണ് ചോര്‍ച്ച ഒഴിവാക്കുന്നത് സര്‍ക്കാര്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടുവന്നിട്ടുള്ള ഇടത് സര്‍ക്കാര്‍ ഈ കുടുംബങ്ങളുടെ വീടിന്റെ കാര്യങ്ങള്‍ പരിഗണിക്കുമെന്നു പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."