ചൈനീസ് അതിര്‍ത്തി: സമീപനങ്ങളില്‍ മാറ്റംവരുത്താന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ചൈനീസ് സേനയോട് പുലര്‍ത്തിയിരുന്ന സമീപനങ്ങളില്‍ മാറ്റംവരുത്താന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഗാല്‍വാന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതില്‍ മാറ്റംവരുത്താന്‍ ആലോചിക്കുന്നത്. ചൈനയുമായി ഒപ്പിട്ട നിരവധി കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സൈന്യം ചില മര്യാദകള്‍ പാലിക്കുന്നത്. അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ വെടിയുതിര്‍ക്കരുത്, പട്രോളിങ് നടത്തുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങളിലാണ് മാറ്റംവരുത്താന്‍ ആലോചിക്കുന്നത്. ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്നതെന്നാണ് ഇന്ത്യ കരുതുന്നത്.
സംഘര്‍ഷാവസ്ഥയില്‍ അയവുവരുത്താന്‍ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ചര്‍ച്ചകളിലൂടെ ശ്രമിക്കുകയായിരുന്നു. കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അപ്പോഴാണ് ചൈനീസ് പ്രകോപനമുണ്ടാകുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഒരു മാറ്റവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം ചൈനയെ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെയുള്ള എല്ലാ ധാരണകളും കരാറുകളും ചൈന പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കന്‍ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്നതിലും ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നതിലും ഇന്ത്യയ്ക്ക് ഉറച്ച ബോധ്യമുണ്ടെന്നും അപ്പോഴും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."