അനാഥകള്‍ക്ക് സംവരണം: സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: അനാഥകള്‍ക്കു സംവരണം നല്‍കണമെന്ന ആവശ്യത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ന്യൂനപക്ഷ, പട്ടികജാതി വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ സര്‍വിസിലും വിദ്യാഭ്യാസരംഗത്തും ഏര്‍പ്പെടുത്തിയതു പോലുള്ള സംവരണാനുകൂല്യങ്ങള്‍ അനാഥകള്‍ക്കും ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇക്കാര്യത്തില്‍ കോടതി പരിശോധിക്കുന്നത്.
മെട്രിക്, പോസ്റ്റ് മെട്രിക് പോലുള്ള സ്‌കോളര്‍ഷിപ്പുകള്‍ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട ഇവര്‍ക്കു കൂടി നല്‍കണമെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പൗലോമി ശുക്ല വാദിച്ചു. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ അനാഥാലയമെങ്കിലും സ്ഥാപിക്കണമെന്നും ഇതുസംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ ആകെയുള്ള 23 ജില്ലകളില്‍ 21ലും ഒരു അനാഥാലയം പോലുമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലികളില്‍ പൊതു വിഭാഗത്തില്‍ ഒരു ശതമാനം അനാഥര്‍ക്ക് സംവരണം ചെയ്തു അടുത്തിടെ സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അനാഥര്‍ എന്നു തെളിയിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ വനിതാ ശിശുക്ഷേമ വിഭാഗത്തില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രം മതി.
ഇതിനു പിന്നാലെയാണ് ഇത്തരം നടപടികള്‍ രാജ്യവ്യാപകമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."