കരുണ കടലോളം കാരുണ്യം
ഇവിടെ ഡോക്ടര്‍മാരുണ്ട്. നഴ്‌സുമാരുണ്ട്. ചികിത്സ തേടിയെത്തുന്നവരുമുണ്ട്. എന്നാലും ഇതൊരു ആശുപത്രിയാണോ? സംശയിക്കുന്നവര്‍ ഏറെയാണ്. അവരെ എങ്ങനെ കുറ്റം പറയും? സാധാരണ കണ്ടുവരുന്ന ആശുപത്രിയുടെ യാതൊരു അന്തരീക്ഷവും ഇവിടെ കാണാനേ ഇല്ല.
ക്യാഷ് കൗണ്ടറില്ലാത്ത ഒരു ആശുപത്രിയാണിത്. ആതുര ചികിത്സാ സേവന രംഗത്ത് വേറിട്ട കാഴ്ചകളും, വ്യത്യസ്ത ശൈലിയുമായി മുന്നോട്ടു കുതിയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ സ്ഥിതിചെയ്യുന്ന 'കരുണ' കാന്‍സര്‍ ഹോസ്പിറ്റല്‍.
വാക്കുപോലെതന്നെയാണ് ഇതിന്റെ അകത്തളവും. ഓരോ മനസും ഏറെ വിശാലമാണ്. ഡോക്ടര്‍മാര്‍മുതല്‍ ഗേറ്റ്മാന്‍ വരെ. നിറഞ്ഞ പുഞ്ചിരിയോടെയാണ് ആരെയും സ്വീകരിക്കുക. പരിചരിക്കുന്ന ജീവനക്കാരും അങ്ങനെതന്നെ. ആശയറ്റ് ജീവിതം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട രോഗികള്‍ക്ക് അതൊരു ആശ്വാസമാണ്. പ്രതീക്ഷയാണ്. മാനേജ്‌മെന്റ് പകര്‍ന്നുനല്‍കിയ സാന്ത്വനത്തിന്റെ തിരിവെട്ടമാണത്. പ്രതിമാസം ലക്ഷങ്ങളുടെ ചിലവുണ്ടെങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യം, ചികിത്സ മാത്രമല്ല. മരുന്നും, ഭക്ഷണവും, വീട്ടിലേക്കുള്ള റേഷനുമെല്ലാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്മാട് കരിപറമ്പ് കേന്ദ്രീകരിച്ച് തുടങ്ങിവെച്ച പെയിന്‍ ആന്റ് പാലിയേറ്റിവ് സേവനമാണ് ഇന്ന് ബഹുനില കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ ഡയാലിസിസ് സെന്ററായി തല ഉയര്‍ത്തിനില്‍ക്കുന്നത്. ഇതോടെ ആതുര ശുശ്രൂഷാ രംഗത്ത് ഒരുപറ്റം മനുഷ്യ സ്‌നേഹികളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കിവിടെ രണ്ടു പതിറ്റാണ്ട് തികയുകയാണ്.
1990 കാലഘട്ടം. നാട്ടില്‍ കാന്‍സര്‍ രോഗികളുടെ ബാഹുല്യം കൂടിക്കൂടിവരുന്നു. ഇന്നത്തെപോലെ ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികളോ പാലിയേറ്റിവ് സെന്ററുകളോ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും, ആര്‍.സി.സിയും മാത്രമാണ് ഏക ആശ്വാസം. കാന്‍സര്‍ പിടിപെട്ടാല്‍ ജീവിതത്തിലേക്ക് മടങ്ങിവന്നവര്‍ അപൂര്‍വ്വമായിരുന്ന കാലമാണ്. വളരെ ദുരിതപൂര്‍ണ്ണമായിരുന്നു ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നാളുകള്‍. സ്വപ്‌നങ്ങളും, പ്രതീക്ഷകളുമറ്റ് നാലുചുവരുകള്‍ക്കുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട് പ്രാണന്‍ നുറുങ്ങുന്ന വേദനയില്‍ രോഗി പിടയുന്ന കാഴ്ച അതിഭീകരം തന്നെ. ഉറ്റ ബന്ധുക്കള്‍ പോലും രോഗിയുടെ മരണം ആഗ്രഹിക്കുന്ന ഒരു ഘട്ടം.
ഇവര്‍ക്ക് സാന്ത്വനം തേടിയുള്ള ഏതാനും മനുഷ്യസ്‌നേഹികളുടെ പരിശ്രമത്തിന്റെ വിജയമാണ് പില്‍ക്കാലത്ത് നിര്‍ധനരോഗികള്‍ക്ക് വലിയൊരു ആശ്വാസമായി മാറിയ 'കരുണ'.
മാരകമെന്ന് കരുതിയിരുന്ന കാന്‍സര്‍ രോഗത്തെകുറിച്ച് പൂര്‍ണ്ണമായി അവബോധം നല്‍കാനും, പ്രഥമഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും പിന്നീട് 'കരു
ണ'ക്ക് സാധിച്ചു. അറിവില്ലായ്മയുടെ പേരില്‍ രോഗം മൂര്‍ച്ഛിച്ചു അവശരായ രോഗികള്‍ക്ക് മാനസികവും, ശാരീരികവുമായ സാന്ത്വനം നല്‍കാനും 'കരുണ'ക്ക് സാധിച്ചു.
1998ല്‍ കരിപറമ്പിലെ ഒരു വാടകക്കെട്ടിടത്തില്‍ നിന്നാണ് 'കരുണ'യുടെ തുടക്കം. ആഴ്ചയില്‍ ഒരിക്കല്‍ ഒ.പിയും, ഹോംകെയര്‍ സര്‍വിസും. മുപ്പതോളം രോഗികളായിരുന്നു പ്രഥമ ഘട്ടത്തില്‍ ചികിത്സ തേടിയിരുന്നത്. ക്രമേണ രോഗികളുടെ എണ്ണം കൂടിക്കൂടിവന്നു. സ്വന്തമായ കെട്ടിടത്തിന്റെ അഭാവവും അസൗകര്യങ്ങളും കൂടുതല്‍ വീര്‍പ്പുമുട്ടിച്ചു. രോഗികളെ കിടത്തിചികിത്സിക്കാനും മറ്റും സ്വന്തമായ കെട്ടിടം ആവശ്യമായിവന്നു. കരിപറമ്പില്‍ വയലിനോട് ചേര്‍ന്ന് നാട്ടിലെ കെ.ടി മൂസഹാജി നല്‍കിയ പതിനഞ്ച് സെന്റ് ഭൂമിയില്‍ നാട്ടുകാരുടെയും, പ്രവാസി മലയാളികളുടെയും സഹായത്തോടെ നിര്‍മിച്ച കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഇതിലേക്കുള്ള ഒരു ചുവടുവയ്പ്പായിരുന്നു. ഉച്ചവരെ ഒ.പിയും തുടര്‍ന്ന് ഹോം കെയര്‍ സര്‍വിസും, കിടത്തി ചികിത്സയുമായി സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തി.
രോഗത്തിന്റെ അവസാനഘട്ടത്തില്‍ ചികിത്സിക്കുന്നതിന് പകരം രോഗം നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കാനുള്ള സംവിധാനത്തെകുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ച. 2013ല്‍ ആധുനിക സൗകര്യങ്ങളോടെ പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ ഒരേക്കര്‍ ഭൂമിയില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിച്ചുകൊണ്ട് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചു. എട്ട് നില കെട്ടിടത്തിന്റെ മൂന്നുനിലകള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ഇതിനകം 'കരുണ'ക്ക് സാധിച്ചു.
കരുണയിപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള മാമോഗ്രാഫി, എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, മിനി ലാബോറട്ടറി കൂടാതെ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് സെന്റര്‍ തുടങ്ങിയവയാണ് കരുണയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് ഓങ്കോളജിസ്റ്റ്, രണ്ട് ആര്‍.എം.ഒമാര്‍, ഡയാലിസിസ് യൂണിറ്റ് കൈകാര്യം ചെയ്യുന്നതിന് നെഫ്രോളജിസ്റ്റ് തുടങ്ങി അന്‍പതോളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പരിശോധനയും, വേദനാസംഹാരിയായ മോര്‍ഫിന്‍ അടക്കം മരുന്നുകളും തീര്‍ത്തും സൗജന്യമാണ്. കൂടാതെ ഭക്ഷണം, യാത്രാപടി, രോഗികള്‍ക്ക് ഒരു മാസത്തേക്കുമുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയും കരുണ നല്‍കി വരുന്നുണ്ട്. മനോരോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് സൈക്യാട്രി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് കൗണ്‍സിലിങ്, മോട്ടിവേഷന്‍ എന്നിവയും 'കരുണ'യില്‍ നല്‍കിവരുന്നുണ്ട്.
നാട്ടില്‍ കിഡ്‌നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈയിടെ 4.25 കോടി രൂപ ചെലവില്‍ മുപ്പത് മെഷീനുകളോടെ ആധുനിക ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചത്. സൗജന്യ നിരക്കിലാണ് ഇത് ചെയ്തുവരുന്നത്.
പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി 90 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശ്വാസം തേടിയെത്തുന്ന ഒരു നിര്‍ധന രോഗിയെയും ഇവിടെ പരിഗണിക്കാതിരിക്കില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
നിസ്വാര്‍ത്ഥ സേവകരുടെയും, ഒട്ടേറെ മനുഷ്യ സ്‌നേഹികളുടെയും സംഭാവനയാണ് 'കരുണ'. ഒരിക്കല്‍ ഇവിടെ സന്ദര്‍ശിച്ചവര്‍ പിന്നീട് കയ്യൊഴിയാറില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. ഇവിടെനിന്നു നല്‍കിവരുന്ന സേവനങ്ങള്‍ മനസിലാക്കി അവര്‍ സാമ്പത്തികമായി സഹായിക്കാറുണ്ട്. നൂറുകണക്കിനാളുകള്‍ ആശ്വാസത്തിന്റെ തണല്‍തേടിയെത്തുമ്പോള്‍ സ്വദേശത്തും, വിദേശത്തുമുള്ള മനുഷ്യ സ്‌നേഹികളുടെ കാരുണ്യ കരങ്ങളാണ് 'കരുണ'ക്ക് മുതല്‍ക്കൂട്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റാന്‍ സാധിക്കുമെന്നാണ് കമ്മിറ്റി ഭാരവാഹികളുടെ വിശ്വാസം. ആര്‍ക്കും സംഭാവന നല്‍കാം. (ഗഅഞഡചഅ ഇഅചഇഋഞ ഇഅഞഋ ടഛഇകഋഠഥ, അഇ.ചീ: 0825101072024, കഎടഇ ഇചഞആ0000825, ഇഅചഅഞഅ ആഅചഗ) ചെയര്‍മാന്‍ ഡോ.പി. അബൂബക്കര്‍ഹാജി, കണ്‍വീനര്‍ പി.എം.ഷാഹുല്‍ ഹമീദ്, ട്രഷറര്‍ ഡോ.എം.വി സൈതലവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്.
നന്മയുടെ തീരമാണ് 'കരുണ'. നിര്‍ധന രോഗികളുടെ കണ്ണീരൊപ്പാന്‍, അവര്‍ക്ക് വേദനയില്‍നിന്ന് ആശ്വാസം പകരാന്‍ ഈ തണല്‍ എന്നും നിലകൊള്ളണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഓരോരുത്തരും നല്‍കുന്ന സംഭാവനകള്‍ നാളെ അവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഇവിടെ സാന്ത്വനത്തിന്റെ തിരിവെട്ടമായി മാറിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."