മാവോയിസ്റ്റ് ഭീഷണി: മലബാറിലെ മലയോര മേഖലകളില്‍ കേന്ദ്രസേനയെത്തി
കാളികാവ്: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മലബാറിലെ മലയോര മേഖലകളില്‍ കേന്ദ്രസേനയെത്തി. വയനാട് വൈത്തിരിയിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്നാണ് അതിര്‍ത്തി സംരക്ഷണ സേനയായ ബി.എസ്.എഫ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വിവിധ സ്റ്റേഷന് പരിസരങ്ങളില്‍ ബി.എസ്.എഫ് സാന്നിധ്യമുണ്ടാകും.
മലയോര മേഖലകളിലെ പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കുന്ന പ്രദേശങ്ങളില്‍ ബി.എസ്.എഫ് അടുത്ത ദിവസങ്ങളില്‍ റൂട്ട് മാര്‍ച്ചും നടത്തും. ആധുനിക ആയുധ സംവിധാനങ്ങളോടെയാണ് സേന എത്തിയിട്ടുള്ളത്. കടുത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളെ നേരിടുന്നത് ബി.എസ്.എഫ് ആണ്. ബി.എസ്.എഫിന് പുറമെ സുരക്ഷ ശക്തമാക്കുന്നതിന് തെരഞ്ഞെടുപ്പിനോടടുത്ത് സി.ആര്.പി.എഫിനെ കൂടി നിയോഗിക്കും.
വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് കേന്ദ്രസേനയെ നിയോഗിച്ചിട്ടുള്ളത്. പൊലിസ് സ്റ്റേഷനുകളുടെ സംരക്ഷണ ചുമതല, വാഹന പരിശോധന, സംശയം തോന്നുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സേന നിര്‍വഹിക്കുക. കേന്ദ്രസേനയുടെ സാന്നിധ്യം പൊലിസുകാര്‍ക്ക് പ്രത്യേക ഉണര്‍വ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബി.എസ്.എഫ് ജവാന്മാര് വെള്ളിയാഴ്ച രാത്രി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. വരുംദിവസങ്ങളിലും സേനയുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ പ്രവര്‍ത്തനം ഉണ്ടാകുമെന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."