മോദിയുടെ ഏകാധിപത്യ ഭരണം ഇനിയും അനുവദിക്കരുത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചു കൊണ്ടുള്ള മോദിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏകാധിപത്യ ഭരണം ഇനിയും അനുവദിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം ഇന്ദിരാഭവനില്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെന്ന ഏകാധിപതിക്കെതിരേയുള്ള പോരാട്ടത്തില്‍ കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുന്നത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ്. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫിനു മികച്ച വിജയം നേടിക്കൊടുക്കാന്‍ വിദ്യാര്‍ഥികള്‍ പ്രചാരണരംഗത്ത് കൂടുതല്‍ സജീവമാകണം.
രാജ്യത്ത് ഇപ്പോള്‍ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. മോദി വര്‍ഗീയ രാഷ്ട്രീയം കളിക്കുമ്പോള്‍ പിണറായി കൊലപാതക രാഷ്ട്രീയം കളിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇവര്‍ക്കെതിരേയുള്ള നിര്‍ണായകമായ ഈ പോരാട്ടത്തില്‍ കെ.എസ്.യുവിനു മുഖ്യ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായിരുന്നു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, കെ.പി അനില്‍കുമാര്‍, എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി നാഗേഷ് കരിയപ്പ, കെ.പി.എസ്.ടി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്‍, കെ.എസ്.യു മുന്‍ പ്രസിഡന്റ് വി.എസ് ജോയി പ്രസംഗിച്ചു. കെ.എസ്.യു ഭാരവാഹികളായ ജെ.എസ് അഖില്‍, വി.പി റഷീദ്, സുബിന്‍ മാത്യു, ആദര്‍ശ് ഭാര്‍ഗവന്‍, മാത്യു കെ. ജോണ്‍, ബാഹുല്‍കൃഷ്ണ, പി.എച്ച് അസ്‌ലം, പി. ശില്‍പ, അലോഷി സേവ്യര്‍, സെയ്ദാലി കായ്പാടി, ശരത്, സുഹൈല്‍, അന്‍സാരി, മുഹമ്മദ് ഷമാസ്, ഷബിന്‍, നേതാക്കളായ എന്‍.എസ് നുസൂര്‍, എ.ആര്‍ നൗഷാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."