ഊരകത്ത് ഷിഗെല്ല? പടര്‍ന്നുപിടിച്ച് പനി
മലപ്പുറം: ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് 29,079 പേര്‍. ഇതില്‍ 1,875 പേര്‍ പനി ബാധിതരാണ്. 13 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആനക്കയം, വാഴക്കാട്, മഞ്ചേരി, തിരുവാലി, തൃക്കലങ്ങോട്, എടവണ്ണ, വണ്ടൂര്‍, കരുവാരകുണ്ട്, പോത്തുകല്ല്, മലപ്പുറം, അരീക്കോട് കേന്ദ്രങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
വെട്ടം, പുറത്തൂര്‍, ഓമാനൂര്‍, വാഴക്കാട്, തേഞ്ഞിപ്പലം എന്നിവിടങ്ങളിലായി ആറു പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ഊരകത്ത് ഒരാള്‍ക്ക് ഷിഗെല്ല ബാധയും സംശയിക്കുന്നു.
പുറത്തൂര്‍, വെട്ടം എന്നിവിടങ്ങളിലായി രണ്ടു പേര്‍ക്ക് എലിപ്പനി ബാധിച്ചതായും സംശയമുണ്ട്. മഞ്ചേരി, കരുവാരകുണ്ട് എന്നിവിടങ്ങളിലായി രണ്ടു പേര്‍ക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. തേവര്‍കടപ്പുറം, ആനക്കയം, തേഞ്ഞിപ്പലം എന്നിവിടങ്ങളിലായി മൂന്നു പേര്‍ക്കു മഞ്ഞപ്പിത്തം ബാധിച്ചതായി സംശയമുണ്ട്. 16 പേര്‍ക്കു ചിക്കന്‍പോക്‌സും പിടിപെട്ടിട്ടുണ്ട്.
ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ മലപ്പുറത്തു ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നു. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി പ്രത്യേക പ്രവര്‍ത്തന രേഖ തയാറാക്കി.
ജില്ലയിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ പ്രതിനിധികള്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ഇന്ന് അതാത് പ്രദേശത്തെ മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."