ഭിന്നശേഷി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം നാളെ
മുക്കം: കുന്നമംഗലം ബി.ആര്‍.സി നടപ്പിലാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം 'സുപഥം 2019' നാളെ കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ നടക്കും. പരിപാടിയില്‍ കിടപ്പിലായ 70 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കലാവിരുന്ന്, വിവിധ മത്സര പരിപാടികള്‍, ക്ലാസുകള്‍ എന്നിവയടക്കം ഉള്‍ക്കൊള്ളുന്ന സംഗമം രാവിലെ 10ന് നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും പരസഹായം ആവശ്യമുള്ള കുന്നമംഗലം ബി.ആര്‍.സി പരിധിയിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സംഗമത്തില്‍ പങ്കെടുക്കുക. സുമനസുകളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആരോഗ്യവകുപ്പിന്റേയും മുക്കം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സുമാരുടെ സേവനവും ഉണ്ടാകും. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും ചിത്രം ചിത്രകാരന്‍ സിഗ്‌നി ദേവരാജന്‍ വരച്ചു നല്‍കും. മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മാജിക് ഷോ, മിമിക്‌സ് പരേഡ്, ഗാനമേള, കോല്‍ക്കളി, നൃത്തനൃത്യങ്ങള്‍, നാടന്‍പാട്ട് എന്നിവയും പരിപാടിയില്‍ അരങ്ങേറും. വിദ്യാര്‍ഥികളിലെ പ്രതിഭാശാലികളെ ചടങ്ങില്‍ അനുമോദിക്കും. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വിവര രേഖയായ 'നേര്‍രേഖ 2019' ന്റെ പ്രകാശനവും ചങ്ങാതിക്കൂട്ടം പദ്ധതിയെ അടിസ്ഥാനമാക്കി തയാറാക്കിയ വീഡിയോ ആല്‍ബത്തിന്റെ പ്രകാശനവും മന്നാ ഫാത്തിമ, റിയ ഉബൈദ് എന്നിവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. നിലവില്‍ കുന്നമംഗലം ബി.ആര്‍.സിക്ക് കീഴിലുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പുസ്തകച്ചങ്ങാതി പദ്ധതിയിലൂടെ അലമാര, പുസ്തകങ്ങള്‍, റേഡിയോ എന്നിവ നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കുന്നമംഗലം ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.എം ശിവദാസന്‍, സുഭാഷ് പൂനത്ത്, എ. സെലീന, സി.കെ അഷ്‌റ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."