ഇന്ത്യന്‍ എംബസിയുടെ പോസ്റ്റുകള്‍ നീക്കംചെയ്ത് വി ചാറ്റ്
ബെയ്ജിങ്: ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച ഇന്ത്യന്‍ എംബസിയുടെ പുതിയ പോസ്റ്റുകള്‍ നീക്കംചെയ്ത് ചൈനയിലെ പ്രമുഖ സാമൂഹ്യമാധ്യമമായ വിചാറ്റ്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും വിചാറ്റ് നീക്കംചെയ്തതില്‍ ഉള്‍പ്പെടുന്നു.
പോസ്റ്റുകള്‍ നീക്കംചെയ്തതിനുള്ള കാരണമായി പറയുന്നത് രാജ്യരഹസ്യങ്ങള്‍ വെളിപ്പെടുമെന്നതും രാജ്യസുരക്ഷ അപകടപ്പെടുമെന്നതുമാണ്. മോദിയുടെ പ്രസ്താവനയ്ക്കു പുറമെ വ്യാഴാഴ്ച ഇന്ത്യ-ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം, വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന എന്നിവ നേരത്തെ വിചാറ്റില്‍ വന്നിരുന്നു. വക്താവിന്റെ പ്രസ്താവന നീക്കംചെയ്ത ശേഷം ചൈനീസ് ട്വിറ്ററായ സിന വെയ്‌ബോ പോലുള്ളവയില്‍ വിദേശകാര്യ മന്ത്രാലയം അതിന്റെ കാരണം വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥര്‍ പോസ്റ്റ് തങ്ങള്‍ നീക്കംചെയ്തതല്ലെന്ന് വ്യക്തമാക്കുകയും പ്രസ്താവനയുടെ സ്‌ക്രീന്‌ഷോട്ട് ചൈനീസ് ഭാഷയില്‍ വായനക്കാര്‍ക്കായി നല്‍കുകയും ചെയ്തു. വിചാറ്റില്‍ ഇംഗ്ലീഷിലാണ് പ്രസ്താവന നല്‍കിയിരുന്നത്. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന കാര്യങ്ങളെ കുറിച്ച ഇന്ത്യന്‍ ഭാഷ്യം എംബസിയുടെ വെയ്‌ബോ എക്കൗണ്ടിലും പ്രസിദ്ധീകരിച്ചു.
ഇന്നലെ ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ വിചാറ്റ് എക്കൗണ്ടില്‍ നോക്കിയ വായനക്കാര്‍ പ്രസ്താവനയില്‍ ക്ലിക് ചെയ്തപ്പോള്‍ ഉടമ നീക്കംചെയ്തു എന്ന സന്ദേശമാണ് കണ്ടത്. എന്നാല്‍ എംബസി ഒരു പോസ്റ്റും നീക്കംചെയ്തിരുന്നില്ല. വിചാറ്റിലെ ഇന്ത്യന്‍ വിദേശകാര്യ വക്താവിന്റെ മൂന്നാം പോസ്റ്റില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനാല്‍ ഉള്ളടക്കം കാണാനാവില്ലെന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്.
ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ 20 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ വെളിപ്പെടുത്തിയപ്പോള്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായെന്ന് ചൈനീസ് മാധ്യമങ്ങള്‍ സമ്മതിച്ചെങ്കിലും ചൈനീസ് ഭരണകൂടം പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആരെങ്കിലും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിട്ടില്ല. ചൈനയില്‍ 100 കോടിയോളം ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമമാണ് വിചാറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."