ചൈന ഭൂമി കൈയേറിയിട്ടില്ലെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്?
പ്രധാനമന്ത്രി പറഞ്ഞത് വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണിലേക്ക് ചൈന അതിക്രമിച്ച് കയറുകയോ നമ്മുടെ ഭൂമി കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ചോദ്യശരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിന്നെയെങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും എവിടെവച്ചാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ചൈനീസ് അതിക്രമത്തിന് വഴങ്ങി നമ്മുടെ ഭൂമി പ്രധാനമന്ത്രി അടിയറ വച്ചതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന സര്‍വ കക്ഷിയോഗത്തിലാണ് ഇന്ത്യന്‍ മണ്ണ് ചൈന കൈയേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇത് വിവാദമായിരുന്നു. ഇന്ത്യയാണ് ചൈനീസ് ഭൂമി കയേറിയതെന്ന വാദത്തിന് പിന്‍ബലമായി പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൈനീസ് അധികൃതര്‍ ഉപയോഗിക്കുകയും ചെയ്തു.
അതിനിടെ, പ്രധാനമന്ത്രി പറഞ്ഞത് ചിലര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തി. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം, നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നുവെന്ന് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. നമ്മുടെ 16 ബിഹാര്‍ റെജിമെന്റിലെ സൈനികരുടെ ത്യാഗം നിര്‍മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ആ ദിവസത്തെ ശ്രമത്തെ തടയുകയും ചെയ്യുകയായിരുന്നു.
ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നാണ് സര്‍വകക്ഷിയോഗത്തെ പ്രധാനമന്ത്രി അറിയിച്ചത്. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയതാണ്. അവിടെ ചൈനയുടെ നീക്കങ്ങളെ വിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്ക്കും ദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചതെന്നും വിശദീകരണത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."