നെല്ലിന്റെ താങ്ങുവില കൂട്ടിയത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു
കുട്ടനാട്: നെല്‍ക്കര്‍ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില കൂട്ടിയത് കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി. നിലവില്‍ രണ്ടാം കൃഷി പുരോഗമിക്കുന്ന കുട്ടനാട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുത്തന്‍ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
രോഗബാധയും മടവീഴ്ചയും മൂലം കൃഷിനാശമുണ്ടായ കര്‍ഷകര്‍ പലരും രണ്ടാം കൃഷി ഉപേക്ഷിച്ചിരുന്നു. ഏക്കറിന് 20,000 മുതല്‍ 25,000 രൂപ വരെ ചെലവഴിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ശരാശരി 20 മുതല്‍ 25 ക്വിന്റല്‍ വരെയാണ് വിളവ് ലഭിച്ചിരുന്നത്. കൃഷിയിടം വൃത്തിയാക്കല്‍, മരുന്നടി തുടങ്ങിയ ചെലവെല്ലാം കഴിഞ്ഞ് മച്ചം പിടിക്കാന്‍ ഒന്നും കിട്ടാത്ത കര്‍ഷകര്‍ പണം കടമെടുത്താണ് അടുത്ത കൃഷിയിറക്കിയിരുന്നത്. പാട്ടകര്‍ഷകരാകട്ടെ പാട്ടക്കൂലി കൂടി നല്‍കേണ്ടുന്ന സ്ഥിതിയാണ്. സാമ്പത്തിക പരാധീനതകള്‍ മൂലം പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ക്വിന്റലിനു 200 രൂപ വര്‍ധിപ്പിച്ചതിനെ അല്പം ആശ്വാസമായാണ് കര്‍ഷകര്‍ നോക്കി കാണുന്നത്.
പ്രതീക്ഷിച്ച വര്‍ധനവില്ലെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തുക വര്‍ധിപ്പിച്ചത് പ്രതീക്ഷയോടെയാണ് കാര്‍ഷിക മേഖല നോക്കിക്കാണുന്നത്. എന്നാല്‍ നെല്ലിന്റെ വില വര്‍ധനവിനു ആനുപാതികമായി കാര്‍ഷിക മേഖലയിലെ കൂലിയടക്കമുള്ള ചെലവുകള്‍ വര്‍ധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
നിലവില്‍ കിലോഗ്രാമിന് 15.50 രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന താങ്ങുവില. 7.80 രൂപ സംസ്ഥാനസര്‍ക്കാരിന്റെ വിഹിതവുമായിരുന്നു. കഴിഞ്ഞ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ നെല്ല്ിന്റെ താങ്ങു വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 80 പൈസയാണ് കിലോഗ്രാമിന് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."