യുവതിയെ പട്ടിണിക്കിട്ടത് ആഭിചാരക്രിയകളുടെ ഭാഗമായെന്ന് സംശയം
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ടത് ആഭിചാരക്രിയകളുടെ ഭാഗമായാണെന്ന സംശയവും ബലപ്പെടുന്നു. യുവതി മരണപ്പെട്ട കേസില്‍ അറസ്റ്റിലായ ഭര്‍തൃമാതാവ് ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം നിര്‍മിച്ച് നടത്തിയിരുന്ന മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും തുഷാരയേയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലിസ് അന്വേഷിക്കും. ഇവിടെ നിരവധി ആളുകള്‍ എത്തിയിരുന്നെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാത്തതും ദുരൂഹതയുണര്‍ത്തുന്നതാണ്. ദിവസങ്ങളോളം ആഹാരം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
നിരവധി പേര്‍ രാത്രി കാലങ്ങളില്‍ ഇവരുടെ വീട്ടില്‍ വന്നു പോകാറുണ്ടെന്ന് പരിസര വാസികള്‍ നേരത്തെ ആക്ഷേപം ഉന്നയിക്കുകയും തുടര്‍ന്ന് പൊലിസില്‍ ഇവര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പ്രാദേശിക നേതൃത്വം ഇടപെട്ട് ഈ കേസില്‍ നിന്ന് ഇവരെ ഒഴിവാക്കിയെന്നാണ് അറിയുന്നത്. മരിച്ച യുവതിയും ഇവരുടെ ദുര്‍മന്ത്രവാദത്തിന് ഇരയായെന്നാണ് ലഭിക്കുന്ന വിവരം.
കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍- വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര കഴിഞ്ഞ 21നായിരുന്നു മരിച്ചത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവ് ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ഭര്‍തൃമാതാവ് ഗീതലാല്‍ (55) എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലിസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടര്‍ന്നാണ് പൂയപ്പള്ളി പൊലിസ് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനേയും അറസ്റ്റ് ചെയ്തത്.
അതേസമയം, തുഷാര ക്രൂരമായി പീഡനത്തിനിരയാകുന്നെന്ന വിവരം പുറത്തറിഞ്ഞിട്ടും പൊലിസോ പ്രദേശത്തെ സാമൂഹിക സംഘടനകളോ ഇക്കാര്യത്തില്‍ ഇടപെടാത്തതും വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്. തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയാറാകാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തുഷാരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെപേരില്‍ യുവതിയെ കൊലപ്പെടുത്തിയെന്നാണ് നിലവില്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. തുഷാര ദുര്‍മന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി ദിനരാജ് പറഞ്ഞു.
അതേസമയം, ഏറെ ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വീടിനെ നാട്ടുകാരും പരിസരവാസികളും ഭയന്നിരുന്നുവെന്ന കാര്യവും പുറത്ത് വരുന്നുണ്ട്. പരിസരവാസികളെ അകറ്റിനിര്‍ത്തുന്നതിനായി തകരഷീറ്റുകൊണ്ട് വീടിന് ചുറ്റും ഉയരത്തില്‍ വേലി കെട്ടിയിരുന്നു. ഇത് കൂടാതെ വീടിന് മുന്നിലെ ഇരുമ്പുഗേറ്റ് ചങ്ങലകൊണ്ട് സദാസമയവും പൂട്ടിയിട്ട നിലയിലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."