ബിന്ദു പത്മനാഭന്‍ കേസ്: രണ്ടാം പ്രതി മിനിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
ചേര്‍ത്തല : ബിന്ദു പത്മനാഭന്‍ കേസിലെ രണ്ടാം പ്രതി ടി.മിനിയെ ഒന്‍പത് വരെ വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ആള്‍മാറാട്ടം നടത്തി വ്യാജ മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് കൂടാതെ മറ്റ് രണ്ട് കേസുകളുടെ തെളിവെടുപ്പിനായാണ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.വ്യാജ മുക്ത്യാര്‍ ചമച്ച കേസിലെ അന്വേഷണത്തിനായി നേരത്തെ മൂന്ന് ദിവസത്തേക്ക് നല്‍കിയ കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയായതോടെ വ്യാജ എസ്.എസ്.എല്‍.സി, ഡ്രൈവിങ് ലൈസന്‍സുകളുടെ കേസുമായി ബന്ധപ്പെട്ട് കുത്തിയതോട് സി.ഐ നല്‍കിയ അപേക്ഷയിലാണ് ഒന്‍പതിന് രാവിലെ 11ന് വരെ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ട് ചേര്‍ത്തല കോടതി ഉത്തരവായത്.
വ്യാജമായി നിര്‍മിച്ച ഡ്രൈവിങ് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന തമിഴ്‌നാട്ടിലെ വിലാസം ശരിയാണോയെന്ന് പരിശോധിക്കുന്നതിനും ഇത് എവിടെവച്ചാണ് നിര്‍മിച്ചതെന്ന് കണ്ടെത്തുന്നതിനും സഹായിച്ചവരെ മനസിലാക്കുന്നതിനുമാണ് മിനിയെ പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
ബിന്ദു പത്മനാഭന്റെ പേരില്‍ സേലത്തെ ആര്‍ടി ഓഫിസില്‍ നിന്നുള്ള തരത്തില്‍ ഡ്രൈവിങ് ലൈസന്‍സും, എസ്.എസ്.എല്‍.സി ബുക്കും ചമച്ച കേസിലെ രണ്ടാം പ്രതിയാണ് മിനി. കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സെബാസ്റ്റ്യന്‍ഇപ്പോഴും ഒളിവിലാണ്.
സെബാസ്റ്റ്യന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി വ്യാഴാഴ്ച തള്ളി. വ്യാജ മുക്ത്യാര്‍ ചമയ്ക്കുന്നതിന് പട്ടണക്കാട് സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയ മിനി സേലത്തെ ജോ.ആര്‍ടിഒ ഓഫിസില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി കാണിച്ചത്.
ഇതിലെ വിലാസം ബിന്ദുവിന്റേതായിരുന്നെങ്കിലും ഫോട്ടോ മിനിയുടേതായിരുന്നു. പിന്നീട് സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നുമാണ് ബിന്ദുവിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ് ലഭിച്ചത്. മിനിയെ വെള്ളിയാഴ്ച രാത്രി സേലത്തേക്ക് കൊണ്ടുപോയി തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."