പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ഡി.സി.സി അംഗം കെ.കെ ആലിമാസ്റ്ററെ പുറത്താക്കി
കൊടുവള്ളി: ഡി.സി.സി അംഗവും കോണ്‍ഗ്രസ് കിഴക്കോത്ത് മണ്ഡലം മുന്‍ പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കെ.കെ.ആലി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനിറങ്ങാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് കിഴക്കോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് ആലി മാസ്റ്ററെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എല്‍.ഡി.എഫ് എം.എല്‍.എയായ കാരാട്ട് റസാഖിന്റെ ക്രിസ്റ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ കമ്മിറ്റിയംഗമായതും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. അതേസമയം പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരേ വിരോധം തീര്‍ക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചരണം നടത്തിയതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കെ.കെ.ആലി മാസ്റ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു.
പാര്‍ട്ടി തന്നെ പുറത്താക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കിഴക്കോത്ത് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് താന്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും മണ്ഡലത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും തന്നോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കിഴക്കോത്ത് പഞ്ചായത്ത് പറക്കുന്ന് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ആലിമാസ്റ്റര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.പി ഇബ്രാഹിമിനോട് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗിലെ ഒരു വിഭാഗം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കിഴക്കോത്ത് യു.ഡി.എഫ് കമ്മിറ്റിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."