അവധിക്കാല ക്ലാസുകളുടെ നിരോധനം
സംസ്ഥാനത്ത് സ്‌കൂളുകളില്‍ വേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നതു നിരോധിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇതു ബാധകമാക്കിയ സര്‍ക്കാര്‍ തീരുമാനം അഭിനന്ദനീയമാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്യുഷ്ണമാണിപ്പോള്‍ ഉള്ളത്.
വേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് മുന്‍ വര്‍ഷങ്ങളില്‍ത്തന്നെ നിരോധിക്കേണ്ടതായിരുന്നു. ചില സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തിയതിനെതിരേ മുന്‍ വര്‍ഷങ്ങളില്‍ ബാലാവകാശ കമ്മിഷനു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, അതൊന്നും പാലിക്കാന്‍ പല വിദ്യാലയങ്ങളും തയ്യാറായിരുന്നില്ല. തങ്ങള്‍ക്കു തോന്നുന്ന മട്ടില്‍ ക്ലാസുകള്‍ വയ്ക്കുയും കൊടുംചൂടില്‍ കുട്ടികള്‍ വാടിത്തളരുന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന നിലപാടെടുക്കുകയുമാണ് പല സ്‌കൂള്‍ അധികൃതരും. ക്ലാസായതിനാല്‍ രക്ഷിതാക്കളും ആ തീരുമാനങ്ങളെ അനുകൂലിക്കുകയാണു ചെയ്യുക. പാവം കുട്ടികള്‍ എല്ലാം താങ്ങാന്‍ വിധിക്കപ്പെടുന്നു.
പഴയ അവസ്ഥയല്ല, കാലാവസ്ഥയുടെ കാര്യത്തില്‍ ഇപ്പോഴുള്ളതെന്ന് സ്‌കൂള്‍ അധികാരികളും രക്ഷിതാക്കളുമുള്‍പ്പെടെ തിരിച്ചറിയേണ്ടതുണ്ട്. പണ്ട്, വേനല്‍ക്കാലത്ത് ഉഷ്ണമുണ്ടാകുമെങ്കിലും അത് സൂര്യാതപത്തിനു കാരണമാകും വിധം കടുക്കാറില്ലായിരുന്നു. വെയിലത്ത് നടന്നാലോ നിന്നാലോ നിര്‍ജലീകരണം മൂലം മരിച്ചുവീഴുന്ന അവസ്ഥയുമില്ലായിരുന്നു. അടുത്തകാലം വരെ ഉത്തരേന്ത്യയിലും മറ്റും പറഞ്ഞുകേട്ട അവസ്ഥകളാണ് ഇപ്പോള്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
തൊണ്ണൂറുകള്‍ മുതലാണു സംസ്ഥാനത്തു ചൂടിന്റെ കാഠിന്യം കൂടാന്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ച ഈ മാറ്റം കേരളത്തിന്റെ ഭൂപ്രകൃതിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രളയവും അതിനു പിന്നാലെയുണ്ടായ കൊടും വരള്‍ച്ചയും മുമ്പൊരിക്കലും കേരളത്തില്‍ അനുഭവപ്പെടാത്ത പ്രകൃതിപ്രതിഭാസങ്ങളാണ്. മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കുകയും വയലുകളും തോടുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തുകയും ചെയ്യുന്ന മനുഷ്യന്‍ പ്രകൃതിക്കു കാര്യമായ പരിക്കാണ് ഏല്‍പ്പിക്കുന്നത്.
ഇതിനു പുറമേ അന്തരീക്ഷ മലിനീകരണം കൂടി രൂക്ഷമായതോടെ സുര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ തടുത്തുനിര്‍ത്തിയിരുന്ന ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീഴാന്‍ തുടങ്ങി. ഇപ്പോഴും അതു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തടസ്സവുമില്ലാതെ നേരിട്ടു ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികളാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്. വയലുകളും അരുവികളും മണ്ണിട്ടു നികത്തി കൂറ്റന്‍കെട്ടിടങ്ങള്‍ നിര്‍മിച്ചു വികസനം കൊണ്ടുവന്നതില്‍ അഭിമാനിച്ചതിന്റെ അനന്തരഫലമാണിത്.
കഴിഞ്ഞ മഴക്കാലത്ത് കേരളം വെള്ളത്തില്‍ മുങ്ങിയത് മഴ അതിശക്തമായി പെയ്തതുകൊണ്ടു മാത്രമല്ല. ഓരോ സ്ഥലത്തും പെയ്യുന്ന മഴയുടെ പരമാവധി അവിടെത്തന്നെയുള്ള ഭൂമിയില്‍ താഴാനുള്ള അവസരം ഉണ്ടായിരുന്നു. കയ്യാലകള്‍ കെട്ടി വെള്ളം കുത്തിയൊലിച്ചു പോകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അനേകലക്ഷം കിണറുകളും അനേകായിരം കുളങ്ങളും മറ്റു തണ്ണീര്‍ത്തടങ്ങളും കേരളത്തിലുടനീളമുണ്ടായിരുന്നു. പെയ്യുന്ന മഴയുടെ പകുതിയിലേറെ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ ജലസംഭരണികളിലാണു സൂക്ഷിക്കപ്പെട്ടിരുന്നത്.
അധികം വരുന്ന വെള്ളം തോടുകളിലൂടെ പുഴകളില്‍ ഒഴുകിയെത്തുമായിരുന്നു. എന്നാല്‍, ഇന്നു തോടുകള്‍ പേരിനുപോലുമില്ലാതായി. അതിനാല്‍ പുഴകള്‍ വരണ്ടു. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ ചെറിയ മഴയില്‍ പോലും വെള്ളത്തിന് ഒഴുകിപ്പോകാനാകാതെ വെള്ളപ്പൊക്കം ഉണ്ടാകുന്നതില്‍ എന്തല്‍ഭുതം.
ഒടുവില്‍ പശ്ചിമഘട്ടംവരെ മനുഷ്യന്‍ കൈയേറി. ഇതിനെതിരേ ഗാഡ്ഗില്‍ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ അപഹസിച്ചു. മൂന്നുമാസം മുമ്പ് പ്രളയം വന്നപ്പോഴാണു ഗാഡ്ഗില്‍ പറഞ്ഞതെല്ലാം നാം ഓര്‍ക്കുന്നത്. പ്രളയം കഴിഞ്ഞതോടെ ആ ഓര്‍മയും മാഞ്ഞു. വീണ്ടും പ്രകൃതിയെ നശിപ്പിക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍, മനുഷ്യകരങ്ങളാല്‍ തീര്‍ത്തതാണ് ഈ അനര്‍ഥങ്ങളെല്ലാം.
ഇപ്പോഴിതാ അത്യുഗ്രമായ ചൂടു കാരണം അവധിക്കാല ക്ലാസുകള്‍ നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. മത്സരങ്ങളുടെ കാലമാണിത്. കൂണുപോലെ പൊട്ടി മുളക്കുന്ന പല സ്വകാര്യ തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കുന്നത് ഈ വേനലവധിക്കാലത്താണ്. മതിയായ സൗകര്യങ്ങളില്ലാത്ത തകരഷീറ്റുകള്‍ മേഞ്ഞ സ്ഥാപനങ്ങളിലാണു പല തൊഴിലധിഷ്ഠിത കോഴ്‌സുകളും നടത്തിപ്പോരുന്നത്. സ്വകാര്യ വിദ്യാലയങ്ങളാകട്ടെ അവരുടെ സ്ഥാപനങ്ങളില്‍ നിന്നു പരീക്ഷ എഴുതുന്ന കുട്ടികള്‍ മികച്ച വിജയം നേടാനായി ഇത്തരം ക്ലാസുകള്‍ നടത്തുന്നു. വിജയത്തിന്റെ മേന്മ പരസ്യം ചെയ്തു കുട്ടികളെ സ്ഥാപനത്തിലേയ്ക്ക് ആകര്‍ഷിപ്പിക്കാനും അതുവഴി വമ്പിച്ച സംഭാവനകളും കനത്ത ഫീസുകളും ഈടാക്കാനും വേനല്‍ക്കാല അവധി ക്ലാസുകളിലെ ശിക്ഷണമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ട ഇക്കാലത്ത് സ്വകാര്യ തൊഴിലധിഷ്ഠിത സ്ഥാപനങ്ങളും സ്‌കൂളുകളും ഈ അവധിക്കാലമാണ് ഉപയോഗപ്പെടുത്തുന്നത്. അതിനു കുട്ടികളെ അവര്‍ കരുവാക്കുന്നു. വരള്‍ച്ചയോ പ്രളയമോ അവരുടെ കച്ചവടതാല്‍പ്പര്യത്തെ ഇല്ലാതാക്കുന്നില്ല. വേനലവധിയെന്ന സുവര്‍ണകാലം ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. വിദ്യാലയങ്ങളില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ അറിവുകളും കരുതലുകളും കുട്ടികള്‍ നേടുന്നത് ഈ കാലത്താണ്.
തനിക്കു ചുറ്റുമുള്ള മനുഷ്യരെയും പക്ഷിമൃഗാദി സസ്യലതാദികളെയും കുട്ടികള്‍ അടുത്തറിയുന്നത് ഈ ഒഴിവുവേളകളിലാണ്. പോയ കാലത്തിന്റെ നന്മകളും സുന്ദരവേളകളും കുട്ടികള്‍ പഴമക്കാരില്‍ നിന്ന് അറിയുന്നത് ഈ അവധിക്കാലത്താണ്. അതുവഴി അവരും നന്മനിറഞ്ഞ മനസ്സുകളുടെ ഉടമകളാകുന്നു. അന്യരുടെ വേദനകളും ദുഃഖങ്ങളും സ്വന്തം വേദനകളായി അവര്‍ കരുതുന്നു. മുന്‍കാല മനുഷ്യരില്‍ നന്മയും സന്മനോഭാവവും വളര്‍ത്തുന്നതില്‍ ഇത്തരം വേനലവധിക്കാലങ്ങള്‍ ഏറെ ഉപകരിച്ചിട്ടുണ്ട്. പുതിയ കാലത്തു വിദ്യാര്‍ഥികളെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും വെറും ഉപകരണങ്ങളായാണ് കാണുന്നത്. അവധിയില്ലാത്ത പഠനകാലം അവരില്‍ എന്തെന്നില്ലാത്ത മടുപ്പും മാനസിക പിരിമുറുക്കവുമാണുണ്ടാക്കുന്നത്. ആരോഗ്യകരമായ ഒരു തലമുറയെ ഇതുവഴി വാര്‍ത്തെടുക്കാനാവില്ല. അവധി കഴിഞ്ഞുള്ള പഠനത്തില്‍ കുട്ടികള്‍ക്ക് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. മാനസികവും ശാരീരകവുമായ ആരോഗ്യമുള്ള, സന്മനോഭാവവും നന്മയുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വേനലവധിക്കാല ക്ലാസുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനം തുടര്‍ന്നുള്ള അവധിക്കാലങ്ങളിലും തുടരുന്നത് ഉചിതമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."