അധികൃതരുടെ അവഗണനയില്‍ ചാലപ്പുറം റോഡ്
എടച്ചേരി: പുറമേരി ടൗണിന്റെ ഹൃദയഭാഗത്തോട് ചേര്‍ന്നു കിടക്കുന്ന ചാലപ്പുറം റോഡ് നാശത്തിന്റെ വക്കില്‍. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്.
പുറമേരി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡ് നവീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളും പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കാറുണ്ടെങ്കിലും അവരെ പിന്നീട് ഈ വഴിയില്‍ കാണാറില്ലെന്നതാണ് വാസ്തവം. കാല്‍നട പോലും ദുസ്സഹമായ വിധം കല്ലുകള്‍ ഇളകിക്കിടക്കുകയാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന റോഡ് പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ചാലപ്പുറം ഭാഗങ്ങളിലുള്ളവര്‍ക്ക് പുറമേരി ടൗണുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന റോഡാണിത്.
നാട്ടുകാര്‍ പലതവണയായി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അവഗണന മാത്രമായിരുന്നു ഫലം.
അതിനിടെ പ്രദേശവാസികള്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് താല്‍ക്കാലിക പരിഹാരമായി മണ്ണിട്ടു നികത്തിയിരുന്നു.
അതുകൊണ്ടൊന്നും ഫലമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. അര കിലോമീറ്റര്‍ ദൂരത്തില്‍ കുത്തനെയുള്ള കയറ്റമാണിവിടെ. ഇത്രയും ഭാഗം ടാര്‍ ചെയ്യുകയാണെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. പുറമേരി പഞ്ചായത്ത്മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റും ഈ റോഡ് ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡിന്റെ പ്രതിനിധികളാണ്. നാലു മീറ്റര്‍ വീതിവരുന്ന റോഡിന്റെ അര കിലോമീറ്റര്‍ ഭാഗം മാത്രം ടാര്‍ ചെയ്യുന്നതിന് ഭീമമായ തുകയുടെ ആവശ്യവുമില്ല.
പഞ്ചായത്ത് ഭരണസമിതിക്ക് ഏതെങ്കിലും വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാനുള്ള സൗകര്യവും നിലവിലുണ്ട്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ തികഞ്ഞ അനാസ്ഥയില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."