കിം ജോങ് നാം വധം: വിയറ്റ്‌നാം യുവതിക്ക് ജയില്‍ ശിക്ഷ
ക്വലാലംപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിയറ്റ്‌നം സ്വദേശി ഡോന്‍ തി ഹോങിന് ജയില്‍ ശിക്ഷ. മാരകായുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റം അംഗീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷവും നാല് മാസവുമാണ് മലേഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.
പൊതു, കുറ്റാരോപണ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ജഡ്ജി ആസ്മി അരിഫിന്‍ പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തുന്നതിന് പകരമായി ചെറിയ കുറ്റം ചുമത്തിയതിനാല്‍ വലിയ ഭാഗ്യമാണ് ഹോങ്ങിന് ലഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് ജഡ്ജി പറഞ്ഞു. ഡോന്‍ തി ഹോങ്ങിനെതിരേ വധശിക്ഷ കുറ്റം ചുമത്തില്ലെന്ന് മലേഷ്യന്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്‍ഡോനേഷ്യന്‍ യുവതി സിതി അയേഷയെ കഴിഞ്ഞ മാസം വെറുതെ വിട്ടിരുന്നു.
കൊലപാതക കുറ്റം ഒഴിവാക്കി ചെറിയ കുറ്റം ചുമത്തിയതില്‍ താന്‍ സന്തുഷ്ടയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കില്‍ വധ ശിക്ഷയാണ് കോടതി വിധിക്കുക. 2017 ഫെബ്രുവരി 17ന് അറസ്റ്റിലായത് മുതല്‍ ശിക്ഷാ കാലയളവായി പരിഗണിക്കും. മലേഷ്യന്‍ നിയമമനുസരിച്ച് ശിക്ഷയുടെ മൂന്നില്‍ ഒന്ന് കാലം അനുഭവിച്ചതിനാല്‍ മാപ്പ് നല്‍കപ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ കജാങ് വനിതാ ജയലില്‍ കഴിയുന്ന അവര്‍ മെയ് നാലോടെ മോചിതയായേക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കിം ജോങ് നാമിനെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് 2017 ഫെബ്രുവരി 13ന് ആണ് വിഷ പ്രയോഗിത്തിലൂടെ കൊലപ്പെടുത്തിയത്.സംഭവത്തില്‍ രണ്ട് പേരെയാണ് മലേഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ നാല് പേര്‍ മലേഷ്യയില്‍ നിന്ന് ഉത്തരകൊറിയയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താനായി ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."