വകുപ്പ് മേധാവികള്‍ നേരിട്ടു ഹാജരാകണം: മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റിലെ മലിന ജലം രാമന്തളിയില്‍ ജനവാസ മേഖലയിലെ കിണറുകളില്‍ കലര്‍ന്ന സംഭവത്തില്‍ വിവിധ വകുപ്പുകളുടെ തലവന്മാര് നേരിട്ടു ഹാജരാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ജനസംരക്ഷണ സമിതി ഭാരവാഹികളുടെ പരാതിയില്‍ 20നു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നു കമ്മിഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ജില്ലാ പൊലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം), രാമന്തളി പഞ്ചായത്ത് സെക്രട്ടറി, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ എന്നിവരോടു നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് ഉത്തരവിട്ടത്. അടുത്ത സിറ്റിങിനു മുമ്പ് കലക്ടറും ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റും റിപ്പോര്‍ട്ട് നല്‍കണം. കേസ് 18നു നടക്കുന്ന അടുത്ത സിറ്റിങില്‍ വീണ്ടും പരിഗണിക്കും. ഇന്നല പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ നൂറോളം പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."