എല്‍.ഡി.സി പരീക്ഷ: സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തുലയ്ക്കുന്നത് കോടികള്‍
കണ്ണൂര്‍: കേരള പബ്ലിക് സര്‍വിസ് കമിഷന്‍ ലോവര്‍ ഡിവിഷന്‍ പരീക്ഷയുടെ പേരില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ തുലയ്ക്കുന്നത് 35 കോടി രൂപ. കഴിഞ്ഞ തവണ സംസ്ഥാനമാകെ പരീക്ഷയെഴുതിയത് 15 ലക്ഷത്തോളം പേരാണ്. പത്താംക്ലാസ് യോഗ്യത മാത്രമുള്ളതിനാല്‍ ഏറ്റവും ജനപ്രിയമായ പരീക്ഷയാണ് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്.
പരീക്ഷയെഴുതാന്‍ ഒരു ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി കണക്കാക്കുന്ന ചെലവ് 160 രൂപയാണ്. 15 ലക്ഷം പേര്‍ക്കായി ഇത് 24 കോടി രൂപയാകും. അനുബന്ധ ചിലവുകള്‍ കൂടി കണക്കിലെടുത്താല്‍ 34 കോടിയിലെത്തും. സര്‍ട്ടിഫിക്കറ്റ് പരിശോധന, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കണ്ണൂരില്‍ വിവിധ വകുപ്പുകളില ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് മാര്‍ച്ച് 31ന് പൂര്‍ത്തിയാകുമ്പോള്‍ പൊതുവിഭാഗത്തില്‍ നിന്നു നിയമനം ലഭിച്ചത് വെറും 189 പേര്‍ക്കാണ്. മറ്റിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. അടുത്ത ഒരുവര്‍ഷത്തേക്ക് നിയമനം ത്വരിതഗതിയില്‍ നടത്തിയാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂവായിരം പേരില്‍ വെറും ഇരുപതു ശതമാനം പേര്‍ക്കു മാത്രമെ നിയമനം ലഭിക്കുകയുള്ളൂ.
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുകയാണെന്നു ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മൂന്നുവര്‍ഷം കൂടുമ്പോള്‍ കൃത്യമായി എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ പരീക്ഷ മാറുന്നുവെന്നല്ലാതെ ഉദ്യോഗാര്‍ഥികളില്‍ വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. അതിനാല്‍ എല്‍.ഡി റാങ്ക് ലിസ്റ്റ് കാലാവധി അഞ്ചു വര്‍ഷമാക്കണമെന്ന് എല്‍.ഡി റാങ്ക് ഹോള്‍ഡേഴ്‌സ് ജില്ലാ സെക്രട്ടറി വിജേഷ് പറഞ്ഞു. ഇതുകൂടാതെ ആശ്രിത നിയമനത്തിന്റെ മറവില്‍ പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പൊലിസില്‍ ക്ലര്‍ക്കുമാരായി 597 പേരെയാണ് നിയമിച്ചത്. വെറും അഞ്ചുശതമാനം മാത്രം ആശ്രിതനിയമനം നടത്താന്‍ പാടുള്ളൂവെന്ന കേന്ദ്രനിയമം അട്ടിമറിച്ചാണ് ഇഷ്ടക്കാരെ തിരുകി കയറ്റുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."