സര്‍ഗാലയയിലെ ജലാശയം നികത്തുന്നത് തഹസില്‍ദാര്‍ തടഞ്ഞു
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയയിലെ ജലാശയം മണ്ണിട്ട് നികത്തുന്നത് തഹസില്‍ദാര്‍ തടഞ്ഞു. സര്‍ഗാലയയിലെ വെള്ളക്കെട്ട് മണ്ണിട്ട് നികത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തഹസില്‍ദാറുടെ നടപടി. ഇന്നലെ രാവിലെ 8.30ഓടെയാണ് കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി അനി, ഇരിങ്ങല്‍ വില്ലേജ് ഓഫിസര്‍ എ.വി ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ജലാശയം നികത്താനുള്ള നീക്കം തടഞ്ഞത്. തുടര്‍ന്ന് സര്‍ഗാലയ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും നാല് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാതെ ജലാശയം മണ്ണിട്ട് നികത്തിയതിനാണ് നടപടി സ്വീകരിച്ചതെന്നു തഹസില്‍ദാര്‍ പറഞ്ഞു. സര്‍ഗാലയയുടെ പ്രവേശന കവാടത്തിന് അരികിലുള്ള ജലാശയമാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. ഇതിനെതിരേ നാട്ടുകാരില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ടൂറിസം വകുപ്പില്‍നിന്ന് നിശ്ചിത കാലാവധിക്ക് ലീസിന് എടുത്ത ഭൂമിയിലെ ജലാശയങ്ങള്‍ മണ്ണിട്ട് നികത്താന്‍ സര്‍ഗാലയ മാനേജ്മെന്റിന് അധികാരമില്ലെന്നും മണ്ണിട്ട് നികത്തിയ സ്ഥലം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."