മുട്ടയ്ക്ക് വിപണിയില്ല; കുടുംബശ്രീ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കേളകം: കേളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഹൈടെക്ക് കോഴിയും കൂടും പദ്ധതിയിലൂടെ കോഴി വളര്‍ത്തിന് മുന്‍കൈയെടുത്ത കുടുംബശ്രീ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഇടനിലക്കാര്‍ കോഴിമുട്ട വിപണിയിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും എടുക്കുന്നവര്‍ തന്നെ കുറഞ്ഞ വില മാത്രം നല്‍കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് 25 കോഴികളെ കൂടുള്‍പ്പെടെയാണ് നല്‍കിയത്. കോഴിയുള്‍പ്പെടെയുള്ള ഇത്തരം കൂടുകള്‍ക്ക് 18000 രൂപയാണ് ഇവര്‍ക്ക് ചെലവാകുക. ഈ തുക മാസം 500 രൂപ എന്ന നിരക്കില്‍ കുടുംബശ്രീകള്‍ വഴി തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ കേളകം പഞ്ചായത്തില്‍ 150 ഓളം കൂടുകളാണ് നല്‍കിയത്. എന്നാല്‍ ഇങ്ങനെ ലഭിച്ച കോഴികള്‍ തുടങ്ങിയതോടെ മുട്ടയുല്‍പാദനം ഓരോ വീട്ടില്‍ നിന്നും ദിവസേന 20 ല്‍ ഏറെ മുട്ടകള്‍ വിപണിയിലെത്തിത്തുടങ്ങി.
വില്‍പന നടക്കാതായതോടെ കോഴികൃഷി നഷ്ടത്തിലാണ്. കോഴിത്തീറ്റ ഉള്‍പ്പെടെ 30000 ത്തോളം രൂപ ചെലവുവന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാസം 500 രൂപ തിരിച്ചടവിനുള്ള തുക പോലും മുട്ട വില്‍പനയിലൂടെ ലഭിക്കാത്ത സ്ഥിതിയായി. നേരത്തെ ആറു രൂപ വരെ ഒരു മുട്ടയ്ക്ക് കിട്ടിയിരുന്നത് വരവ് കൂടിയതോടെ നാലു രൂപയ്ക്കു പോലും വില്‍ക്കേണ്ട സാഹചര്യത്തിലാണിവര്‍. പദ്ധതി നടപ്പിലാക്കിയതില്‍ പാളിച്ചയുണ്ടെന്നും കേളകം പോലെയൊരു ചെറുപട്ടണത്തില്‍ ഇത്രയും കോഴിമുട്ടകളുടെ വില്‍പ്പയ്ക്ക് സാധ്യതയുണ്ടോ എന്നത് അധികൃതര്‍ പരിഗണിച്ചിട്ടില്ലെന്നുമാണ് പദ്ധതിയേക്കുറിച്ചുള്ള ആക്ഷേപം. പഞ്ചായത്ത് ഇടപെട്ട് മുട്ടകള്‍ സംഭരിച്ച് വിപണനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കേളകം പഞ്ചായത്തിന്റെ ചുവടുപിടിച്ച് കൊട്ടിയൂരിലും പദ്ധതി നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."