കേന്ദ്രം കോടതിവിധി അട്ടിമറിക്കുന്നു: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതി വിധി അട്ടിമറിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായുള്ള 25 മിനിട്ടു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.
ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതി വിധി ലംഘിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം വിട്ടുതരാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സുപ്രിംകോടതി വിധിയുണ്ടായിട്ടും തയാറാകുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ 2015 ലെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നാണ് വാദം. അധികാരം കിട്ടിയാല്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തങ്ങള്‍ കൈക്കൊള്ളും. ലെഫ്റ്റനന്റ് ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്നാണ് വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള തീരുമാനം തങ്ങള്‍ കൈക്കൊണ്ടതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹിക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഭരണഘടനയാണ് എല്ലാത്തിനും മുകളില്‍. സുപ്രിംകോടതിയുടെ ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ വേണ്ടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി താന്‍ സംസാരിക്കും. ഡല്‍ഹിയിലെ ഭരണം ജനം തെരഞ്ഞെടുത്ത സര്‍ക്കാരിനാണെന്നായിരുന്നു സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."