വിജയരാഘവന്റെ പരാമര്‍ശം: നവോത്ഥാന സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, പരാതി നല്‍കും- രമ്യാ ഹരിദാസ്
കൊച്ചി: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. നേതാക്കളുമായി ആലോചിച്ച് തീരുമാനം എടുക്കും. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും രമ്യ വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് പാര്‍ട്ടി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. അവരാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്'- രമ്യ ചൂണ്ടിക്കാട്ടി.
പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. എതിരാളി വനിതയാകുമ്പോള്‍ ലൈംഗികമായ അധിക്ഷേപം ആയുധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."