പെരിന്തല്‍മണ്ണ കോടതി സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
പെരിന്തല്‍മണ്ണ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റാനൊരുങ്ങുന്നു. നഗരമധ്യത്തില്‍ പൊലിസ് സ്‌റ്റേഷനു സമീപം നിര്‍മിച്ച കോടതി സമുച്ചയത്തില്‍ അവസാന മിനുക്കുപണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ വിവിധ സ്ഥലങ്ങളില്‍ പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരേ കെട്ടിടസമുച്ചയത്തിലാകും. 12.5 കോടി രൂപ ചെലവിലാണ് പുതിയ കോടതി സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. അഞ്ചു നിലകളിലായി 5,810 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ട്. 1,260 ചതുരശ്ര മീറ്റര്‍ വരുന്ന താഴത്തെ നില പൂര്‍ണമായും വാഹന പാര്‍ക്കിങ്ങിനാണ്. ഓരോ നിലയിലും രണ്ടു വീതം, ആകെ നാലു നിലകളിലായി എട്ടു കോടതികള്‍ പ്രവര്‍ത്തിക്കും. എട്ടു ജഡ്ജസ് ചേംബര്‍, അനുബന്ധ സ്റ്റാഫ് റൂമുകള്‍, മുന്‍സിഫ് മജിസ്‌ട്രേറ്റ്, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് ഓഫിസുകള്‍, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍, നാസിര്‍സ് ഓഫിസ്, എല്ലാ കോടതികളുടെയും റെക്കോര്‍ഡ് റൂമുകള്‍, പ്രോപ്പര്‍ട്ടി റൂമുകള്‍, കക്ഷികള്‍ക്കുള്ള മുറികള്‍, ഭക്ഷണമുറി, രണ്ടുവീതം കോവണിപ്പടികള്‍, ലിഫ്റ്റുകള്‍ എന്നിവ ഉണ്ടാകും. റാംപുകള്‍, എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ശുചിമുറികള്‍, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."