സ്ഥിരാംഗീകാരം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.സി.ഐ സംഘം പരിശോധന നടത്തി
മഞ്ചേരി: അവസാനഘട്ട അംഗീകാരവുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘം പരിശോധന നടത്തി. ഡോ. മാണിക് ചാറ്റര്‍ജി, ഡോ. രമേഷ് വര്‍ധ, ഡോ. ചെതലവട ഉഷാറാണി എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. ആശുപത്രിയിലെ കെട്ടിട സൗകര്യങ്ങളും ഒപിയിലടക്കമുള്ള ചികിത്സാ ക്രമീകരണങ്ങളും പഠന സൗകര്യങ്ങളും സംഘം വിശദമായി പരിശോധിച്ചു.
വിദ്യാര്‍ഥികളുടേയും അധ്യാപകരടക്കമുള്ള ജീവനക്കാരുടേയും താമസ സൗകര്യങ്ങള്‍, എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ആദ്യ സംഘത്തിനേര്‍പ്പെടുത്തിയ ഹൗസ് സര്‍ജന്‍സി സൗകര്യങ്ങള്‍ എന്നിവ സംഘം വിലയിരുത്തി. ഹൗസ് സര്‍ജന്‍സിക്കായി പ്രയോജനപ്പെടുത്തുന്ന കാവനൂര്‍, എടവണ്ണ, എളങ്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും സംഘം പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ട് സംഘം എം.സി.ഐക്ക് സമര്‍പ്പിക്കും. തുടര്‍ന്നായിരിക്കും 100 മെഡിക്കല്‍ സീറ്റുകള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം ലഭിക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക.
കഴിഞ്ഞ മാര്‍ച്ചില്‍ പരിശോധന നടത്തിയ സംഘം സ്ഥിരാംഗീകാരം നല്‍കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കോളജ് അധികൃതരും നേരിട്ടു നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം എം.ബി.ബി.എസിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി മാത്രമാണ് എം.സി.ഐ നല്‍കിയത്. വിശദമായ പരിശോധനയില്‍ പോരായ്മകള്‍ പരിഹരിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കൂവെന്ന നിലപാടാണ് ഇക്കാര്യത്തില്‍ എം.സി.ഐ കൈക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."