ഗെയില്‍, ദേശീയപാതാ സമരക്കാര്‍ മുസ്‌ലിം തീവ്രവാദികള്‍; പാണക്കാട് തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപം ഉറപ്പ്, വിജയരാഘവന്റെ പഴയ വിവാദ പ്രസ്താവനകള്‍
കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനറും മുന്‍ എം.പിയുമായ എ. വിജയരാഘവന്‍ വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞദിവസം പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ വിജയരാഘവന്‍ നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിവാദ പ്രസ്താവന. 'ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടി ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയേയും. അതോടു കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ, അത് പോയിട്ടുണ്ട്.' ഇങ്ങിനെയായിരുന്നു വാക്കുകള്‍. പ്രസ്താവന വിവാദമായതോടെ പ്രതിരോധത്തിലായ അദ്ദേഹം രമ്യക്കു വേദനിച്ചതില്‍ വിഷമമുണ്ടെന്നും ഇന്നു പറഞ്ഞു.
വിജയരാഘവന്റെ പഴയ വിവാദപ്രസ്താവനകള്‍
2018 ഏപ്രില്‍: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ സമരത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം തടയാനാണ് ഇവര്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിക്കുന്നത്. ജില്ല വിഭജിക്കണമെന്നടക്കമുള്ള ആപത്കരമായ രാഷ്ട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിന്റെ നാമ്പ് നുള്ളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. കാംപസുകളില്‍ മുസ്‌ലിം തീവ്രവാദത്തിന് വളരാനുള്ള മണ്ണൊരുക്കുകയാണ് ലീഗും എം.എസ്.എഫും ചെയ്യുന്നത്.
2018 ജൂണ്‍: ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണ്. തീവ്രവാദികളെ മുസ്‌ലിം ലീഗ് മുന്നില്‍ നിര്‍ത്തുകയാണ്.
2011 നവംബര്‍: പാണക്കാട് തങ്ങള്‍ വടക്കോട്ടുപോയാല്‍ അവിടെ വര്‍ഗീയ കലാപം ഉണ്ടാകും. കാസര്‍കോഡ് കലാപം ഇതിന് തെളിവാണ്. മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി തീവ്രവാദബന്ധമുള്ളവര്‍ക്ക് ലീഗില്‍ അംഗത്വം നല്‍കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."