കണ്‍സള്‍ട്ടന്‍സി കരാര്‍ വീണ്ടും കെ.പി.എം.ജിക്ക്; രണ്ടു വര്‍ഷത്തേക്ക് 6.82 കോടി
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ വീണ്ടും കെ.പി.എം.ജിക്ക് നല്‍കി.
രണ്ടുവര്‍ഷത്തേക്ക് 6.82 കോടി രൂപയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആകെ 14 കമ്പനികള്‍ താല്‍പര്യപത്രം നല്‍കിയതില്‍ അഞ്ചു കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ നിന്നാണ് നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജിയെ തെരഞ്ഞെടുത്തത്.
നേരത്തേ 2018ലും നവകേരള നിര്‍മാണ പ്രക്രിയയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജിയെ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നടപടികള്‍ നേരിടുന്ന ഒരു കമ്പനിയെ ടെന്‍ഡര്‍ പോലും വിളിക്കാതെ തെരഞ്ഞെടുത്തത് അന്നു വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് ആറുമാസത്തിനു ശേഷം അവര്‍ കരാര്‍ ഉപേക്ഷിക്കുകയും അതേ തുടര്‍ന്ന് റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്തു. വീണ്ടും അതേ കമ്പനിക്കു തന്നെയാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
കെ.പി.എം.ജിയുടേത് സൗജന്യ സേവനമാണെന്നായിരുന്നു അന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി.
അവര്‍ക്കാണ് ഇന്ന് 6,82,68,402 രൂപക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ഉന്നതാധികാര സമിതിയുടെ ശുപാര്‍ശക്ക് കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.
രൂപീകരിക്കപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഇതുവരെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. പ്രകൃതി സൗഹൃദ നിര്‍മാണമായിരുന്നു തുടക്കത്തില്‍ അവര്‍ മുന്നോട്ടുവച്ചത്. ഇതിന് ലോകബാങ്ക് 1650 കോടി രൂപ അനുവദിച്ചെങ്കിലും സര്‍ക്കാര്‍ അത് വകമാറ്റിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
കരാര്‍ നല്‍കിയത്
സുതാര്യമായാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ കെ.പി.എം.ജിക്ക് നല്‍കിയത് സുതാര്യമായ നടപടികളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം ഏകപക്ഷീയമല്ല. കൃത്യമായ മാനദണ്ഡങ്ങളോടെയായിരുന്നു നടപടികള്‍. വിവിധ കമ്പനികള്‍ താല്‍പര്യം അറിയിച്ചപ്പോള്‍ വിദഗ്ധ സമിതിയാണ് തീരുമാനമെടുത്തതെന്നും അതില്‍ ഒരു ദുരൂഹതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സിക്കായി കെ.പി.എം.ജി എന്ന കമ്പനിക്ക് 6.82 കോടി രൂപയുടെ കരാര്‍ നല്‍കിയത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
2018ല്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയ അതേ കമ്പനിക്കു തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്. ഇനി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കാലാവധി ആറു മാസം പോലുമില്ല. എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത് 24 മാസത്തേക്കാണ്. പോകുന്ന പോക്കില്‍ കണ്‍സള്‍ട്ടന്‍സി നല്‍കി കമ്മിഷന്‍ അടിക്കുകയാണ് ലക്ഷ്യം. ആദ്യം നിബന്ധനകളൊന്നും പാലിക്കാതെ സൗജന്യമെന്ന് പറഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുക, പിന്നീട് അവരത് ഉപേക്ഷിച്ച് പോവുക, തുടര്‍ന്ന് വലിയ തുകയ്ക്ക് അവര്‍ക്ക് തന്നെ കരാര്‍ നല്‍കുക. ഈ വസ്തുതകള്‍ ഇടപാടിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."