പരിശോധനകള്‍ക്കായി കരിപ്പൂരില്‍ അടുത്തയാഴ്ച ഉദ്യോഗസ്ഥപ്പട എത്തുന്നു
കൊണ്ടോട്ടി: വിമാനത്താവളത്തിലെ വിവിധ പരിശോധനകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് വിദഗ്ധ സംഘങ്ങള്‍ അടുത്തയാഴ്ച കരിപ്പൂരിലെത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ), എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി(എ.ഇ.ആര്‍.എ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ) എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരാണ് കരിപ്പൂരിലെത്തുന്നത്. റണ്‍വേ, ലാന്റിങ് ചാര്‍ജ്, സുരക്ഷ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും.
വലിയ വിമാനങ്ങളുടെ പറന്നിറങ്ങലിന് റണ്‍വേ പ്രാപ്തമായോ എന്ന് പരിശോധിക്കാനാണ് ഡി.ജി.സി.എ സംഘം എത്തുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ടിരുന്നു. റണ്‍വേ നവീകരണം പൂര്‍ത്തിയായതിനാല്‍ നേരത്തെ കരിപ്പൂരിലെത്തിയിരുന്ന വലിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റണ്‍വേ പരിശോധിക്കാനും നിലവിലെ കരിപ്പൂരിലെ സാഹചര്യം മനസിലാക്കാനും സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരെ അയക്കാമെന്ന് അറിയിച്ചത്. കേന്ദ്ര മന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കരിപ്പൂരിലെത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ പരിശോധനക്കെത്തിയ വിദഗ്ധ സംഘം കരിപ്പൂര്‍ റണ്‍വേ ഇടത്തരം വിമാനങ്ങള്‍ക്ക് പ്രാപ്തമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിമാനത്താവളത്തിന്റെ വരുമാനമടക്കമുളള കാര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ക്കാണ് എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥരെത്തുന്നത്. വിമാനങ്ങളുടെ ലാന്റിങ് ചാര്‍ജ് അടക്കമുള്ളവ പുനഃപരിശോധിക്കും.
ടെര്‍മിനലില്‍ മറ്റ് ഏജന്‍സികള്‍ നല്‍കുന്ന വാടകയിലടക്കം മാറ്റങ്ങളുണ്ടാക്കും. കരിപ്പൂരില്‍ ദിനേന 35 വിമാനങ്ങളാണ് വന്നിറങ്ങുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസിന് അനുമതി തേടി കാത്തിരിക്കുകയുമാണ്. വലിയ വിമാനങ്ങളുടെ പിന്മാറ്റം മൂലം രണ്ടു വര്‍ഷമായി കരിപ്പൂരിന്റെ വരുമാനത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഇവ നികത്തുന്നതിനായാണ് ലാന്റിങ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്.
വിമാനത്താവളത്തിന്റെ മുന്‍വശത്തുളള ഒഴിഞ്ഞ സ്ഥലത്ത് പുതിയ കാര്‍പാര്‍ക്കിങ് സ്ഥാപിക്കുന്നതിന് എയര്‍പോര്‍ട്ട് അനുമതി തേടിയിരുന്നു. ഇതിന്റെ സുരക്ഷാ പരിശോധനക്കായാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എസ്)വിമാനത്താവളത്തിലെത്തുന്നത്. അന്താരാഷ്ട്ര ടെര്‍മിനലിനു മുന്‍പിലുളള താഴ്ന്ന സ്ഥലത്താണ് പുതിയ കാര്‍പാര്‍ക്കിങ് സ്ഥാപിക്കുന്നത്. വിമാനത്താവളത്തില്‍ നടക്കുന്ന ടെര്‍മിനല്‍ നിര്‍മാണ പരിശോധനക്കായാണ് എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ കാര്യാലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."