ഹൈറേഞ്ചിലെ ഔഷധ സസ്യങ്ങള്‍ തട്ടാന്‍ വന്‍ ലോബികള്‍ രംഗത്ത്
തൊടുപുഴ: കര്‍ഷകരെ കബളിപ്പിച്ച് ഔഷധ സസ്യങ്ങള്‍ നിസാര വിലക്ക് തട്ടിയെടുക്കുന്ന വന്‍ ലോബികള്‍ രംഗത്ത്. പച്ചമരുന്നുകളുടെ ഉല്‍പാദനത്തിനും ആയുര്‍വേദ മരുന്നുകള്‍ക്കുമായാണ് ഇവര്‍ ഹൈറേഞ്ച് മേഖലകളില്‍ കടന്നുകയറി ലക്ഷക്കണക്കിനു രൂപയുടെ ഔഷധ സസ്യങ്ങള്‍ കടത്തുന്നത്.
കര്‍ഷകരെ കബളിപ്പിച്ച് ഔഷധ സസ്യങ്ങള്‍ നിസാര വിലക്ക് കൈവശപ്പെടുത്തി കൊള്ളലാഭം നേടുകയാണ് ഈ സംഘങ്ങള്‍. ജില്ലക്ക് പുറത്തുനിന്നും തമിഴ്‌നാട്ടില്‍നിന്നുമെത്തുന്ന സംഘങ്ങളാണ് പച്ചില മരുന്നുകള്‍ കടത്തുന്നതിനു പിന്നില്‍. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ കടന്നുകയറി ഔഷധ സസ്യങ്ങള്‍ മോഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നു.
കൃഷിയിടങ്ങളിലും വനത്തിലും റോഡിന്റെ പുറമ്പോക്കിലും കാണപ്പെടുന്ന കുറുന്തോട്ടി, കിഴുകാനെല്ലി, ചതാവേലി, കയ്യൂന്നി എന്നീ ഔഷധ സസ്യങ്ങളാണ് ഹൈറേഞ്ചില്‍നിന്ന് വ്യാപകമായി കടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് കണക്കിന് ഔഷധ സസ്യങ്ങളാണ് ഹൈറേഞ്ചില്‍നിന്നു കടത്തിയത്.
കര്‍ഷകരുടെ ഭൂമിയില്‍ വളരുന്ന ഔഷധ സസ്യങ്ങള്‍ പത്തുരൂപക്ക് വാങ്ങി ഭീമമായ ലാഭത്തിനു വില്‍ക്കുകയാണ് ഇടനിലക്കാര്‍ ചെയ്യുന്നത്. പത്തു രൂപയ്ക്ക് വാങ്ങുന്ന ഔഷധ സസ്യങ്ങളുടെ ഭാഗങ്ങള്‍ക്ക് യാഥാര്‍ഥ വില 300 രൂപയ്ക്ക് മുകളിലാണ്. ഇതറിയാതെയാണ് കര്‍ഷകരെ ഇടനിലക്കാര്‍ കബളിപ്പിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെയാണ് മരുന്ന് ശേഖരിക്കുന്നതിന് ഏര്‍പ്പാടാക്കിയത്. വന്‍കിട ഏലത്തോട്ടങ്ങളില്‍നിന്നും മരത്തൈകള്‍ കടത്തുന്ന സംഘങ്ങളും വ്യാപകമായതായി തോട്ടമുടമകള്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ വൃക്ഷത്തൈകള്‍ മോഷ്ടിച്ചശേഷം കടത്തുന്ന സംഘമാണ് ഇതിനു പിന്നില്‍. കൃഷിയിടത്തില്‍നിന്നു കടത്തിയ 300 വൃക്ഷത്തൈകളുമായി യുവാവിനെ അടുത്തിടെ പിടികൂടിയിരുന്നു.
തോട്ടങ്ങളില്‍നിന്നു കടത്തുന്ന മരത്തൈകള്‍ ഭീമമായ വിലക്കാണ് മോഷണസംഘങ്ങള്‍ വില്‍പന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."