ഹൈന്ദവത ഉയര്‍ത്തി ബി.ജെ.പി ജനങ്ങളെ വിഭജിക്കുന്നു: മമത
കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരേ കടുത്ത ആരോപണവുമായി പ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന നയമാണ് ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നതെന്നും ഇതിനെതിരേ ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്ന് പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹിന്ദുയിസം സഹിഷ്ണുതയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ബി.ജെ.പി ഹൈന്ദവതയുടെ പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ്. ജാതിയും മതവും ചോദിച്ചാണ് വിഭജനം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
എല്ലാ പ്രാദേശിക പാര്‍ട്ടികളും കൂട്ടുചേര്‍ന്ന് ബി.ജെ.പിയുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. എല്ലാ മതത്തേയും ബഹുമാനിക്കണം. ഓരോരുത്തരും അവരവരുടെ മതത്തിന്റെ കീഴില്‍ അഭിമാനിക്കുകയും ചെയ്യണം. എന്നാല്‍ ബി.ജെ.പി ഇന്ന് നടപ്പാക്കുന്നത് ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നയമാണ്. അക്രമം ഒരു മതത്തിന്റെയും മുഖമുദ്രയല്ലെന്ന് ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കള്‍ മനസിലാക്കണം-മമത കൂട്ടിച്ചേര്‍ത്തു.
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ പല പ്രാദേശിക പാര്‍ട്ടികളും ബി.ജെ.പിക്കെതിരായ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പി ഭീഷണിയല്ലെന്നും ആ പാര്‍ട്ടിയില്‍ നിന്ന് രാജ്യത്തിന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒരുമിക്കണമെന്ന മമതയുടെ ആവശ്യത്തെയും നേതാക്കള്‍ സ്വാഗതം ചെയ്തു.
പ.ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബി.ജെ.പിയില്‍ രാജ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായിട്ടുണ്ടെന്നും ആര്‍.ജെ.ഡി നേതാവ് അശോക് സിന്‍ഹ അറിയിച്ചു.
ബി.ജെ.പി രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണെന്ന കാര്യം അവര്‍ മറക്കരുതെന്ന് ജനതാദള്‍-യു നേതാവ് രാജിവ് രഞ്ജന്‍ വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തികളാണെന്നും അവരെ മുന്‍ധാരണയിലൂടെ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ എന്‍.സി.പി ആരുമായും കൂട്ടുചേരാന്‍ തയാറാണെന്ന് പാര്‍ട്ടി നേതാവ് നവാബ് മാലിക് അറിയിച്ചു.
പ്രാദേശിക പാര്‍ട്ടികളുടെ യോജിപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കുമായി മമതാ ബാനര്‍ജി ചര്‍ച്ച നടത്തിയിരുന്നു. മതേതര പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും യോജിപ്പിന്റെ വഴിയേ നീങ്ങണമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."