HOME
DETAILS
MAL
'ഞാന്‍ ഇന്ദിരാഗാന്ധിയുടെ പേരമകള്‍; പറയേണ്ടത് പറയും'
backup
June 27 2020 | 03:06 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാണ്‍പൂരിലെ സര്‍ക്കാര്‍ നിയന്ത്രിത ചൈല്‍ഡ് ഷെല്‍ട്ടര്‍ഹോമില്‍ രണ്ടു കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായെന്ന വിവാദത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം.
നേരത്തെ, കാണ്‍പൂരിലെ സംഭവത്തില്‍ വാര്‍ത്തകള്‍ ഉദ്ധരിച്ച് പ്രിയങ്ക സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു. കാണ്‍പൂരിലെ ഈ ഷെല്‍ട്ടര്‍ ഹോമിലെ 57 കുട്ടികള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതില്‍ രണ്ടു പേര് ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയെന്നും ഒരാള്‍ക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്നും സ്ഥിരീകരിച്ചതായായിരുന്നു വാര്‍ത്ത. ഇതോടെ, ഇവരുടെ പ്രസ്താവനയ്ക്കെതിരേ ഉത്തര്‍പ്രദേശ് ശിശുക്ഷേമ സമിതി നോട്ടിസയച്ചു. തെളിവില്ലാത്ത വാര്‍ത്തയാണെന്നും മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഇതോടെയാണ് രൂക്ഷമായ പ്രതികരണവുമായി പ്രിയങ്ക രംഗത്തെത്തിയത്. ഞാന്‍ ഇന്ദിരാഗാന്ധിയുടെ പേരമകളാണെന്നും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും സത്യത്തിനും ജനങ്ങള്‍ക്കുമായി നിലകൊള്ളുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പി വക്താവിനെപ്പോലെ സംസാരിക്കാന്‍ തനിക്കാകില്ലെന്നു തുറന്നടിച്ച അവര്‍, വിഷയത്തില്‍ ചില പ്രതിപക്ഷ നേതാക്കളുടെ മൗനത്തെയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്കെതിരേ എന്തു നടപടിയും സ്വീകരിച്ചോളൂവെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."