ഇസ്‌റാഅ്, മിഅ്‌റാജ് ആദരവിന്റെ പാഠങ്ങള്‍
മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലെ അമാനുഷികവും അതിശയകരവുമായ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളാണ് ഇസ്‌റാഉം മിഅ്‌റാജും. വിശ്വാസത്തിന്റെ ദൃഢതയും ആരാധനയുടെ രൂപവും അടയാളപ്പെടുത്തുന്ന നിത്യവിസ്മയങ്ങളായിരുന്നു ഈ രണ്ടു സംഭവങ്ങളും. മക്കയില്‍നിന്ന് അതിവിദൂരത്തുള്ള ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഒരു രാത്രി കൊണ്ട് പ്രവാചകന്‍ ചെയ്ത രാപ്രയാണമാണ് ഇസ്‌റാഅ്. അവിടുന്ന് വാനലോകത്തേക്ക് പുറപ്പെട്ടതിനു മിഅ്‌റാജ് എന്നും വിളിക്കുന്നു. പ്രവാചകന്റെ 52ാമത്തെ വയസില്‍ ഹിജ്‌റയുടെ ഒരുവര്‍ഷം മുന്‍പ് റജബ് ഇരുപത്തിയേഴിനായിരുന്നു അത്യപൂര്‍വമായ ജിബ്‌രീലുമൊത്തുള്ള ആ യാത്ര.
ലോകത്തിനു മഹാസന്ദേശം നല്‍കിയ യാത്രയുടെ പശ്ചാത്തലത്തിലേക്ക് തിരിയുമ്പോള്‍ അത് കൃത്യമായിത്തന്നെ മനസിലാക്കാം. മക്കയില്‍ നടത്തിയ ഇസ്‌ലാമിക പ്രബോധനത്തിനിടയില്‍ ഉയര്‍ന്നുവന്ന നിരന്തര ഭീഷണി, അപവാദ പ്രചാരണം, സാമ്പത്തിക സമ്മര്‍ദം, ബഹിഷ്‌കരണം, കൊലവിളി, പീഡനം തുടങ്ങി മര്‍ദനങ്ങളുടെ പെരുമ്പറ മുഴക്കുകയായിരുന്നു അവിശ്വാസികള്‍. എന്നാല്‍ അബൂത്വാലിബിന്റെ പ്രവാചകനോടുള്ള സഹകരണം ശത്രുക്കളെ പ്രതിരോധത്തിലാക്കി. പ്രവാചക പിതാവിനു ശേഷം സംരക്ഷണം ഏറ്റെടുത്ത ആജ്ഞാശക്തിയുള്ള അബൂത്വാലിബിന്റെ വിയോഗം നബിയെ മാനസികമായി തളര്‍ത്തി. തുടര്‍ന്നുള്ള ദിവസം ഭാര്യ ഖദീജ (റ)യും നാഥനിലേക്ക് തിരികെ പോയപ്പോള്‍ പ്രവാചക മനസ് അസ്വസ്ഥപ്പെട്ടു.
ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ പുതിയ വഴികളന്വേഷിച്ചിറങ്ങി ത്വാഇഫിലെത്തിയപ്പോള്‍ അവിടത്തെ അന്തരീക്ഷവും മക്കയില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. കുട്ടികള്‍ പോലും തിരുനബിയുടെ മേനിയിലേക്ക് കല്ലെറിഞ്ഞു. സാഹചര്യവും ചുറ്റുപാടുമെല്ലാം തിരുനബിക്ക് തീര്‍ത്തും പ്രതികൂലം. ദുഃഖഭാരത്താല്‍ മുഖം വിവര്‍ണമായി. വിഷാദം ഘനീഭവിച്ചു. മനസിനെ ബാധിച്ച അസ്വസ്ഥത പ്രവാചകനെ നോവിച്ചു. നിരാശയുടെ പ്രതലത്തില്‍ കൂടി മനസ് സഞ്ചരിച്ചുകൊണ്ടിരുന്നു. മാനസികോന്മാദത്തിനു വേണ്ടി പ്രാര്‍ഥിച്ച സന്ദര്‍ഭം. ജിബ്‌രീല്‍ കൂട്ടിനു വന്നു. വേപഥുനിറഞ്ഞ സന്ദര്‍ഭത്തില്‍ ആ മാലാഖയുടെ ക്ഷണം നബി നിരസിച്ചില്ല. വിഷാദത്തിന്റെ മഞ്ഞുകണങ്ങള്‍ ഉരുക്കിത്തീര്‍ക്കാന്‍ പ്രവാചകനും തീരുമാനിച്ചു. അന്നു രാത്രി മസ്ജിദുല്‍ ഹറമില്‍ കിടന്നുറങ്ങിയ നബിയെ ജിബ്‌രീല്‍ (അ) വന്ന് കൂടെക്കൂട്ടിയെന്നാണു പ്രബലം (അബൂത്വാലിബിന്റെ മകള്‍ ഉമ്മു ഹാനിയുടെ വീട്ടില്‍ നിന്നാണെന്നും കഅ്ബയുടെ സമീപം ഹിജ്ര്‍ ഇസ്മാഈലില്‍ ഹംസ (റ) വിന്റെയും ജഅ്ഫറുബ്‌നു അബൂത്വാലിബിന്റെയും മധ്യേ നബി (സ്വ) ഉറങ്ങുമ്പോഴാണെന്നും ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്.)
മിഅ്‌റാജ് സംഭവത്തെക്കുറിച്ച് നബി (സ) വിവരിക്കുന്നതായി ഇങ്ങനെ വായിക്കാം: ഞാന്‍ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ആ സമയത്ത് ജിബ്‌രീല്‍ വന്ന് നെഞ്ച് പിളര്‍ത്തി. ഹൃദയം പുറത്തെടുത്തു. ശേഷം സംസം കൊണ്ട് കഴുകി വൃത്തിയാക്കി. തുടര്‍ന്ന് അതില്‍ ജ്ഞാനവും വിശ്വാസവും നിറച്ചു. ശേഷം എനിക്കു യാത്ര ചെയ്യാന്‍ വാഹനം 'ബുറാഖി'നെ കൊണ്ടുവരപ്പെട്ടു. ഞാന്‍ അതിനു പുറത്തുകയറിയിരുന്നു. അത് എന്നെയും വഹിച്ച് ആകാശത്തെത്തി. തുടര്‍ന്ന് ആകാശകവാടം തുറക്കാന്‍ ജിബ്‌രീല്‍ ആവശ്യപ്പെട്ടു.
അവിടുന്ന് ചോദിച്ചു: 'ആരാണത്?'
'ഞാന്‍ ജിബരീല്‍.'
വീണ്ടും ചോദിച്ചു: 'ആരാണ് കൂടെയുള്ളത്?'
'മുഹമ്മദ്.'
അകത്തുനിന്ന് വീണ്ടും:
'മുഹമ്മദിനെ പ്രവാചക ദൗത്യനിര്‍വഹണത്തിനായി ക്ഷണിച്ചിരിക്കുന്നുവോ?'
ജിബ്‌രീല്‍ പരഞ്ഞു: 'അതെ'.
'മുഹമ്മദേ, സ്വാഗതം... കടന്നുവരൂ.' തുടര്‍ന്ന് വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ സ്വര്‍ഗത്തില്‍ ചെന്ന് നോക്കിയപ്പോള്‍ ആദ്യപിതാവും ആദിമ മനുഷ്യനുമായ ആദമിനെ കണ്ടു. ജിബ്‌രീല്‍ എന്നോട് പറഞ്ഞു: ഇത് താങ്കളുടെ പിതാവ് ആദം. അദ്ദേഹത്തെ ആദരിക്കൂ. ഞാന്‍ ആദമിനെ ആദരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: ശ്രേഷ്ഠനായ പുത്രാ, നിനക്കു സുസ്വാഗതം. ശ്രേഷ്ഠരായ പ്രവാചകരേ... തുടര്‍ന്ന് ജിബ്‌രീല്‍ എന്നെ മുകളിലേക്ക് കൊണ്ടുപോയി. ഞാന്‍ രണ്ടാം വാനത്തിലെത്തി. വാതില്‍ തുറക്കാന്‍ ജിബ്‌രീല്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ രണ്ടാം വാനത്തിലെത്തിയപ്പോള്‍ അവിടെ ഈസയെയും യഹ്‌യയെയും കണ്ടു. ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ഇത് യഹ്‌യ, ഇത് ഈസ. രണ്ടു പേരോടും സലാം പറയൂ. ഞാന്‍ സലാം പറഞ്ഞു. അവര്‍ മടക്കി. 'ശ്രേഷ്ഠരായ സഹോദരാ, പ്രവാചകരേ സ്വാഗതം.'
ഞാന്‍ മൂന്നാം വാനത്തിലേക്കു പോയി. അവിടെ യൂസുഫിനെ കണ്ടു. നാലാം വാനവും അഞ്ചാം വാനവും സന്ദര്‍ശിച്ചു. ആറാം വാനത്തില്‍ മൂസയെ കണ്ടു. ശേഷം ഏഴാം വാനത്തിലേക്ക് ജിബ്‌രീല്‍ എന്നെ അനുഗമിച്ചു. അവിടെ ഇബ്‌റാഹിമിനെ കണ്ടു. തുടര്‍ന്ന് സിദ്‌റത്തുല്‍ മുന്‍തഹ എന്ന വൃക്ഷത്തിന്റെ സമീപത്തേക്ക് പോയി. ഒടുവില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നു. നേരില്‍ സംഭാഷണം നടത്തുന്നു. ഇങ്ങനെ പോകുന്നു രാപ്രയാണത്തെക്കുറിച്ച് പ്രവാചക തിരുമേനിയുടെ വിവരണം.
ഒരു പ്രവാചകനും അല്ലാഹു നല്‍കിയിട്ടില്ലാത്ത ശ്രേഷ്ഠമായ സൗഭാഗ്യമാണ് മുഹമ്മദ് നബിക്കു ലഭിച്ചത്. ആ യാത്രക്കിടയില്‍ അല്ലാഹുവിനെ കണ്ട് മടങ്ങവെ തിരുനബിക്ക് ലഭിച്ച സമ്മാനമായിരുന്നു മുസ്‌ലിം സമൂഹം ഇന്നും പകലന്തികളില്‍ നിറവേറ്റുന്ന അഞ്ചു നേരത്തെ നിസ്‌കാരം.
എന്നാല്‍ തന്റെ ആകാശാരോഹണം ഖുറൈശികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആക്ഷേപഹാസ്യങ്ങള്‍ ചൊരിഞ്ഞും നിഷേധിച്ചും റസൂലിനെ ചിലര്‍ പരിഹസിച്ചു. അബൂബക്കര്‍ (റ)വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ 'നിമിഷങ്ങള്‍ക്കകം അല്ലാഹുവിന്റെ അടുത്തുനിന്ന് വഹ്‌യ് ഇറങ്ങുന്നത് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഇതും വിശ്വസിക്കാന്‍ യാതൊരു തടസവുമില്ല' എന്നായിരുന്നു മറുപടി. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ സംഭവത്തിനു സാക്ഷ്യം നില്‍ക്കെ, ആ ദൈവ വചനങ്ങള്‍ സത്യമാണെന്ന് വ്യക്തമാണെന്നിരിക്കെ വിമര്‍ശകരുടെ വാദങ്ങള്‍ക്ക് ഇവിടെ മറുപടി പറയേണ്ടതില്ല. മാത്രമല്ല, ശാസ്ത്രത്തിന്റെ പുരോഗതിയിലും ഇവ പ്രകടമായി കാണുന്നുണ്ടുതാനും.
ഇസ്‌റാഅ്, മിഅ്‌റാജ് സംഭവം നബിയുടെ ശരീരം യാത്ര ചെയ്തതാണ് എന്നതിന്റെ വലിയ തെളിവാണ് ഖുദ്‌സ് പാത്രിയാര്‍ക്കീസിന്റെ വിവരണം. മുഹമ്മദിനെയും മുഹമ്മദിന്റെ പുതിയ പ്രസ്ഥാനത്തെയും ഇകഴ്ത്താന്‍ വഴികള്‍ അന്വേഷിച്ചു നടന്നിരുന്ന അബൂസുഫിയാന്‍ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു. ഖുദ്‌സ് ചക്രവര്‍ത്തി കൈസറിനോട് അബൂസുഫിയാന്‍ പറഞ്ഞു: മുഹമ്മദിന്റെ വാദങ്ങള്‍ വ്യാജ സൃഷ്ടിയാണെന്നതിന് അങ്ങേക്ക് മുന്‍പില്‍ ഞാന്‍ തെളിവ് സമര്‍പ്പിക്കാം. ഞങ്ങളുടെ നാട്ടില്‍നിന്ന് പുറപ്പെട്ട് ഇവിടെയുള്ള ഈലിയാ (ഖുദ്‌സ്) പള്ളിയില്‍ വരുകയും അതേ രാത്രിതന്നെ നാട്ടില്‍ തിരിച്ചെത്തിയെന്നും മുഹമ്മദ് അവകാശപ്പെടുന്നു. ഈ സമയം ഈലിയായിയിലെ പാത്രിയാര്‍ക്കീസ് കൈസറിന്റെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. അബൂസുഫിയാന്റെ വിവരണം കേട്ട് പാത്രിയാര്‍ക്കീസ് പറഞ്ഞു: അയാള്‍ പറഞ്ഞ രാത്രി എനിക്കു മനസിലായിട്ടുണ്ട്.
ചക്രവര്‍ത്തി: നിങ്ങള്‍ക്കെന്തറിയാം? പാത്രിയാര്‍ക്കീസ്: പള്ളിയുടെ മുഴുവന്‍ വാതിലുകളും അടച്ചതിനു ശേഷമേ ഞാന്‍ സാധാരണ ഉറങ്ങാന്‍ പോകാറുള്ളൂ. അന്നു രാത്രി എല്ലാ വാതിലുകളും പതിവുപോലെ അടക്കാന്‍ തുനിഞ്ഞപ്പോള്‍ ഒന്നുമാത്രം അടക്കാന്‍ സാധിച്ചില്ല. പലരെയും സഹായത്തിനു വിളിച്ചെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് ആശാരിമാരെ കൊണ്ടുവന്നു. നേരം പുലര്‍ന്നതിനു ശേഷം ശരിയാക്കാമെന്ന് അവര്‍ പറഞ്ഞു. അന്നു രാത്രി വാതില്‍ തുറന്നുതന്നെ കിടന്നു. പിറ്റേന്നു രാവിലെ പള്ളിയിലെത്തി നോക്കിയപ്പോഴാണ് തലേന്ന് രാത്രി വാതിലടയാത്തതിന്റെ രഹസ്യം മനസിലായത്. പള്ളിയുടെ ഒരു മൂലയിലുണ്ടായിരുന്ന കല്ലിന് സുഷിരം വീണിരിക്കുന്നു. മൃഗത്തെ കെട്ടിയിട്ട അടയാളവും എനിക്കവിടെ ദര്‍ശിക്കാനായി. ഞാന്‍ അനുയായികളോടു പറഞ്ഞു: ഒരു നബിക്കു വേണ്ടിയാണ് ഇന്നലെ രാത്രി ഈ വാതില്‍ അടക്കാനാവാതെ തുറന്നുകിടന്നത്. നമ്മുടെ പള്ളിയില്‍ രാത്രി അദ്ദേഹം നിസ്‌കരിച്ചിരിക്കുന്നു (ഇബ്‌നു കസീര്‍).
യാത്രാവേളയില്‍ പല പ്രവാചകരെയും മലക്കുകളെയും ബൈത്തുല്‍ മുഖദ്ദസിലും വാനലോകങ്ങളിലും വച്ച് തിരുനബിക്കു കാണാനായതതും അവരുമായി സംവദിക്കാന്‍ സാധിച്ചതും ഈ യാത്രയുടെ നിസ്തുല്യതയെ അടയാളപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും അവര്‍ നല്‍കിയ സ്വീകരണം നബിയുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായിരുന്നു. അതിനാല്‍ പണ്യനബിയുടെ സ്ഥാനവും മഹത്വവും അവരെ ഗ്രഹിപ്പിക്കല്‍ കൂടി ഇതിന്റെ ലക്ഷ്യമായി കരുതാം.
ജീവിതത്തില്‍ മാര്‍ഗരേഖയാകേണ്ട വ്യവസ്ഥാപിതമായ കാര്യങ്ങളുടെ യാഥാര്‍ഥ്യം പ്രധാനം ചെയ്യുന്ന ദൃശ്യങ്ങളാണു നബി (സ്വ) ഇസ്‌റാഇന്റെ രാവില്‍ ദര്‍ശിച്ചത്. നബിക്ക് യാത്രാമധ്യേ പാലിന്റെയും കള്ളിന്റെയും കപ്പുകള്‍ നല്‍കപ്പെട്ടു. അതില്‍നിന്ന് നബി (സ്വ) പാല്‍ തിരഞ്ഞെടുത്തു. ഇതുകണ്ട ജിബ്‌രീലിന്റെ പ്രതികരണം ഇപ്രകാരം: 'അങ്ങ് പക്വത തിരഞ്ഞെടുത്തിരിക്കുന്നു'. ഇവിടെ സമകാലിക സാഹചര്യത്തെ കൂടി ഇതിനോടു ചേര്‍ത്തുവായിക്കാം. ജീവിതം സത്യസന്ധമായിരിക്കുമ്പോഴാണ് ഉല്‍കൃഷ്ടമായത് തിരഞ്ഞെടുക്കാനും അനാവശ്യത്തെ തിരസ്‌കരിക്കാനും കഴിയൂ. അതിനു വേണ്ട യോഗ്യതാ പരീക്ഷയില്‍ പ്രവാചകര്‍ (സ്വ) നൂറുശതമാനം വിജയിച്ചുവെന്നു തന്നെ പറയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."