ഇന്നും മുഴങ്ങുന്നു റഫിയുടെ സ്വരം
ബോവിക്കാനം (കാസര്‍കോട്) : പുതുപുത്തന്‍ സിനിമാ ഗാനങ്ങളുടെ പാരഡിയും പുതിയ രചനകളും അലയടിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുകുറയാതെ വിഖ്യാത ഗായകന്‍ മുഹമ്മദ് റഫി പാടിയ അനശ്വര ഗാനവും അലയടിക്കുന്നു. കോണ്‍ഗ്രസിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഫി ഹിന്ദിയില്‍ പാടിയ തെരഞ്ഞെടുപ്പ് ഗാനമാണ് ഇന്നും രാജ്യത്താകമാനം അലയടിക്കുന്നത്.
കോണ്‍ഗ്രസിന് വേണ്ടി മുഹമ്മദ് റഫി തന്റെ ശബ്ദമാധുര്യം കൊണ്ട് അനുഗ്രഹീതമാക്കിയ ഗാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്താകമാനം ഇപ്പോള്‍ നവമാധ്യമങ്ങളിലും സൂപ്പര്‍ ഹിറ്റാക്കുകയാണ്. പഴയകാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ തെരഞ്ഞെടുപ്പ് ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇന്നും വൈറലാവുകയാണ്.
'വത്തന്‍കേ നാമ് കേലിയേ, ഗരീബ് അവാമ് കേലിയേ, വസ്ത്ത്ക്കി പുക്കാര്‍ ഹേ, കോണ്‍ഗ്രസ്‌ക്കോ വോട്ട് ദോ, കോണ്‍ഗ്രസ്‌ക്കോ വോട്ട് ദോ'.. (നാടിന്റെ പേരിനും പ്രശസ്തിക്കും വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും കോണ്‍ഗ്രസിന് വോട്ടു നല്‍കൂ) എന്ന ഗാനമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്നും ഹിറ്റാകുന്നത്. ഈ ഗാനത്തിന് അകമ്പടിയായി കോണ്‍ഗ്രസിന്റെ ഇന്നത്തെ ദേശീയ നേതാക്കളുടെയും മണ്‍മറഞ്ഞ പഴയ നേതാക്കളുടെയും വീഡിയോ എഡിറ്റ് ചെയ്ത് പുതിയ രൂപത്തിലാക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
വാട്‌സ് ആപ്പ് സ്റ്റാറ്റസായും മൊബൈല്‍ റിങ്ങ് ട്യൂണായും കോളര്‍ ട്യൂണാക്കിയുമാണ് പ്രവര്‍ത്തകര്‍ പഴയ പാട്ടിലൂടെ പ്രചാരണം ഗംഭീരമാക്കുന്നത്. ഈ ഗാനം 1965ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി ഇറക്കിയതാണെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."