കോഴിക്കോട് കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശത്തേക്കു കടത്തിയ കേസിലെ പ്രതിക്കെതിരേ ഗുണ്ടാനിയമപ്രകാരം നടപടി എടുക്കാത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യക്കടത്തു കേസിലെ പ്രതിക്കെതിരേ കോഴിക്കോട് കലക്ടര്‍ എന്തുകൊണ്ടാണ് ഗുണ്ടാനിയമ പ്രകാരം നടപടി എടുക്കാത്തതെന്ന് വ്യക്തമാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിനു സ്റ്റേറ്റ് അറ്റോണി അഡ്വ. സോഹന്‍ കൂടുതല്‍ സമയം തേടിയതോടെ ജസ്റ്റിസ് കെ.ടി.ശങ്കരന്‍, ജസ്റ്റിസ് എ.ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി 26ലേക്ക് മാറ്റി.
മനുഷ്യക്കടത്തു കേസിലും പീഡനക്കേസുകളിലും പ്രതിയായ കോഴിക്കോട് സ്വദേശി ബാവക്ക എന്നു വിളിക്കുന്ന സുഹൈല്‍ തങ്ങള്‍ക്കെതിരേ ഗുണ്ടാനിയമപ്രകാരം (കാപ്പ ആക്ട്) നടപടിയെടുക്കാന്‍ ജില്ലാ പൊലിസ് മേധാവി കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റിലെ പി.പി. സപ്ന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഗുണ്ടാ നിയമത്തെക്കുറിച്ച് വലിയ അറിവില്ലെന്നാണ് നടപടിക്രമങ്ങളില്‍ നിന്നു മനസിലാകുന്നതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. എന്തു കാരണത്താലാണ് ഇത്തരമൊരു നിലപാട് കലക്ടര്‍ സ്വീകരിച്ചതെന്ന് അറിയണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."