വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചുമാറ്റി സെസ് അധികൃതര്‍
കാക്കനാട്: മരങ്ങള്‍ എന്നും ഒരു ആശ്വാസമാണ്, പ്രത്യേകിച്ച് തണല്‍ വേണ്ടുന്നവര്‍ക്ക്. അസഹ്യമായ ചൂടില്‍ ജനം പൊറുതിമുട്ടുമ്പോള്‍ തണല്‍മരങ്ങളുടെ വേരറുക്കുകയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) അധികൃതര്‍. തണല്‍ വീശി നിന്ന മുപ്പതിലധികം മരങ്ങളുടെ ചുവട്ടിലാണ് മഴു വീണത്. പടര്‍ന്ന് പന്തലിച്ച് നിന്ന ഈ തണല്‍മരങ്ങളില്‍ ചേക്കേറി കൂടുകൂട്ടിയിരുന്ന പക്ഷി കൂടുകളിലെ മുട്ടകള്‍ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. ചെറു തൂവലുകള്‍ പോലും മുളക്കാത്ത പക്ഷിക്കുഞ്ഞുങ്ങളില്‍ കണ്ണു വിരിയാത്തവയും ഉണ്ടായിരുന്നു.
റോഡിന് വീതി കൂട്ടാനാണ് മരങ്ങള്‍ മുറിച്ചതെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെസ് അധികൃതര്‍ ചെയ്തിട്ടുള്ളത്. സംഗതി വിവാദമായതോടെ രാത്രിയില്‍ തന്നെ ജെ.സി.ബിയുമായെത്തി മരങ്ങളുടെ വേരും കുറ്റിയും വരെ പറിച്ചുനീക്കിയെന്നാണ് ആക്ഷേപം. ഇരുപതിലേറെ വര്‍ഷത്തെ പഴക്കമുള്ളവയാണ് മുറിച്ചുമാറ്റിയ മരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലയായ സെസിനുള്ളില്‍ അനുമതിയില്ലാതെ ആര്‍ക്കും കടക്കാനാവില്ല. മരങ്ങള്‍ മുറിച്ചുമാറ്റിയതിന് പിന്നില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുറിച്ച മരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്‌തെങ്കിലും വേനല്‍ച്ചൂടില്‍ മരങ്ങള്‍ മുറിച്ച അധികൃതരുടെ നടപടിക്കെതിരെ പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."