ആ മൂന്ന് സീറ്റെവിടെ?; കേരള കോണ്‍ഗ്രസ് തമ്മിലടിയില്‍ വെട്ടിലായി കോണ്‍ഗ്രസ്
കോട്ടയം: രാജ്യസഭയ്‌ക്കൊപ്പം വാഗ്ദാനം ചെയ്ത മൂന്ന് നിയമസഭാ സീറ്റുകളില്‍ ഉള്‍പ്പെടെ തീരുമാനം ഉണ്ടായാല്‍ മാത്രം രാജിയെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ. മാണി വിഭാഗം. കോണ്‍ഗ്രസുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുമെന്ന് പി.ജെ ജോസഫ് പ്രഖ്യാപനം ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ. മാണിയും സംഘവും.
പി.ജെ ജോസഫ് അവിശ്വാസത്തിന് ഒരുങ്ങുമ്പോള്‍ വെട്ടിലാവുന്നത് കോണ്‍ഗ്രസുംകൂടിയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച് മുന്നണിയിലേക്ക് തിരികെ വരാന്‍ കേരള കോണ്‍ഗ്രസി (എം) ന് യു.ഡി.എഫും കോണ്‍ഗ്രസും വാഗ്ദാനം ചെയ്തതാണ് രാജ്യസഭ സീറ്റും അധികമായി മൂന്ന് നിയമസഭ സീറ്റുകളും.
രാജ്യസഭ ലഭിച്ചെങ്കിലും കെ.എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസിന് അധിക സീറ്റു നല്‍കുന്നതില്‍ കോണ്‍ഗ്രസും മുന്നണി നേതൃത്വവും മൗനത്തിലാണ്. കേരള കോണ്‍ഗ്രസി (എം) ന് നിലവിലുള്ള 15 സീറ്റില്‍ കഴിഞ്ഞ തവണ 11 ലും മത്സരിച്ചത് മാണി വിഭാഗമാണ്. നാല് എണ്ണമാണ് ജോസഫ് പക്ഷത്തിന് ലഭിച്ചത്.
അധികാരത്തര്‍ക്കത്തില്‍ വഴിപിരിഞ്ഞതോടെ മൂന്ന് എം.എല്‍.എമാരും പ്രമുഖ നേതാക്കളുമെല്ലാം ജോസഫ് പക്ഷത്താണ്. എങ്കിലും കഴിഞ്ഞതവണ മത്സരിച്ച 11 സീറ്റും തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ജോസ് പക്ഷം.
11 സീറ്റ് ഉറപ്പായാല്‍ മുന്നണിയിലേക്ക് മടങ്ങി വരാന്‍ വാഗ്ദാനം ചെയ്ത മൂന്ന് സീറ്റ് ജോസഫിന് നല്‍കുന്നതിലും ജോസ് വിഭാഗത്തിന് എതിര്‍പ്പില്ല. എന്നും തോല്‍ക്കുന്ന മലബാറിലെ സീറ്റുകള്‍ക്കു പകരം മധ്യകേരളത്തില്‍ വേണമെന്നതും മറ്റൊരാവശ്യം.
ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായാല്‍ മാത്രം രാജിയെന്നാണ് ജോസ് പക്ഷം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. കെ.എം മാണിക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസിനാവും നഷ്ടം. ജോസഫ് ആവട്ടെ എങ്ങനെയും ജോസ് വിഭാഗത്തെ മുന്നണിക്കു പുറത്തു ചാടിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. യു.ഡി.എഫിലെ തമ്മിലടിയില്‍ മുതലെടുപ്പിന് എല്‍.ഡി.എഫും പ്രത്യേകിച്ച് സി.പി.എമ്മും കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ജോസഫ് തങ്ങളുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ടു വന്നാല്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം.
അവിശ്വാസത്തെ അനുകൂലിച്ചാലും എതിര്‍ത്താലും വെട്ടിലാവുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അവിശ്വാസത്തെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വ്യക്തമാക്കുന്നു. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുമുന്നണിക്ക് ഏഴും ജോസ് പക്ഷത്ത് നാലും ജോസഫ് വിഭാഗത്തിന് രണ്ടും പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമാണ് ഉള്ളത്. കോണ്‍ഗ്രസും ജനപക്ഷവും പിന്തുണച്ചാലും ജോസഫ് പക്ഷം പരാജയപ്പെടും. കോണ്‍ഗ്രസ് നിലപാട് അനുസരിച്ച് ഇടതുമുന്നണി എതിര്‍പക്ഷത്തെ പിന്തുണയ്ക്കും.
പി.ജെ ജോസഫ് അവിശ്വാസം കൊണ്ടുവരാതെ തന്നെ പ്രശ്‌നം പരിഹരിക്കുക മാത്രമാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും മുന്നിലുള്ള മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."