മീഞ്ചന്ത ആര്‍ട്‌സ് കോളജിലെ ചുവരെഴുത്ത് മായ്ച്ച സംഭവത്തില്‍ ദുരൂഹത
കോഴിക്കോട്: മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എസ്.എഫ്.ഐയുടെ ചുവരെഴുത്ത് മായ്ച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞദിവസമാണ് കോളജ് യൂനിയന്‍ ഓഫിസിന്റെ പൂട്ട് തകര്‍ക്കുകയും തുടര്‍ന്ന് ചുവരെഴുത്തുകള്‍ നീല പെയിന്റ് കൊണ്ട് മായ്ക്കുകയു ചെയ്തത്. കൂടാതെ കോളജിന്റെ ചുവരുകളില്‍ 'വാണിങ്' എന്നും എഴുതിവച്ചിട്ടുണ്ട്.
ചുവരെഴുത്തുകള്‍ മായ്ച്ചത് കാംപസ് ഫ്രണ്ടാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പ്രകടനവും നടത്തി. കാംപസ് ഫ്രണ്ടിന്റെ കൊടിയുടെ നിറത്തിലുള്ള പെയിന്റാണ് ചുവരെഴുത്തുകള്‍ മായ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് ആരോപണത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കോളജില്‍ കാംപസ് ഫ്രണ്ട് എന്ന സംഘടന ഔദ്യോഗികമായി ഇല്ലെന്നിരിക്കെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായ ധാരണയില്ല.
അതേസമയം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ ചെയ്തതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കാംപസുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുള്ള എസ്.ഡി.പി.ഐയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ് പറഞ്ഞു.
അതേസമയം കോളജിലെ ചുവരെഴുത്ത് നശിപ്പിച്ചത് സാമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള എസ്.എഫ്.ഐയുടെ ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും എസ്.എഫ്.ഐ അവരുടെ പ്രവര്‍ത്തകരെ ചോദ്യം ചെയ്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നും കാംപസ് ഫ്രണ്ട് ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇതിനു പിന്നില്‍ കാംപസ് ഫ്രണ്ടാണോയെന്ന് പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു. കോളജില്‍ ഈ സംഘടനക്ക് യൂനിറ്റില്ല. കാംപസ് ഫ്രണ്ടാണെന്ന എസ്.എഫ്.ഐയുടെ ആരോപണവും പരിശോധിക്കുമെന്നും കോളജില്‍ സംഘടനയുമായി ബന്ധമുള്ളവരുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."