നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി
തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനു സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ 42 പൊതുമേഖലാ സ്ഥാപനങ്ങളും അഞ്ചു വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഇപ്പോഴത്തെ അവസ്ഥയും വിശകലനം ചെയ്യുന്നതിനായി പൊതുമേഖലാ വ്യവസായ പുനസംഘടനാ ബോര്‍ഡ്(റിയാബ്)നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിയാബിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തി സുതാര്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇ-പ്രൊക്യുര്‍മെന്റ് മുതലായ കാര്യക്ഷമമായ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ അതാത് മേഖലയിലെ വിദഗ്ധരായവരെ മാനേജിങ് ഡയറക്ടര്‍മാരായി നിയമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കാന്‍ നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയരായവരില്‍ ചിലരെ മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെപ്പറ്റി വ്യവസായ സെക്രട്ടറി അന്വേഷണം നടത്തിവരികയാണ്. റിപ്പോര്‍ട്ട് ലഭ്യമായാല്‍ വിജിലന്‍സ് അന്വേഷണം വേണമെങ്കില്‍ അതുണ്ടാകും.
കൊച്ചി പെട്രോനെറ്റിന്റെ ഉപോല്‍പന്നങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. പഴയങ്ങാടി, കരിന്തളം എന്നിവിടങ്ങളിലെ ക്ലേ ഫാക്ടറികള്‍ പൂട്ടിയ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ക്ഷീരോല്‍പാദന പദ്ധതി നടപ്പാക്കും. ഇതിലൂടെ ആയിരംപേര്‍ക്ക് തൊഴില്‍ നല്‍കും.
ജീര്‍ണാവസ്ഥയിലുള്ള വ്യവസായ പാര്‍ക്കുകള്‍ പുനരുദ്ധരിക്കും. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയുടെ സഹകരണത്തോടെ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ യോഗത്തില്‍ വിഷയമവതരിപ്പിച്ച് അജന്‍ഡയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."