മോദി സര്‍ക്കാറിന് അധികാരത്തിന്റെ മത്ത്: സോണിയ
നാന്ദദ്: അധികാരത്തിന്റെ മത്തുപിടിച്ച മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ മാനിക്കാന്‍ തയാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു പിന്നാലെ അരുണാചല്‍ സര്‍ക്കാറിനേയും പിരിച്ചു വിട്ട നടപടി റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്നും സോണിയാഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദദില് കോണ്‍ഗ്രസ് നേതാവായിരുന്ന ശങ്കര്‍ റാവു ചവാന്റെ പ്രതിമയും അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അധികാരത്തിനുവേണ്ടിയുള്ള അത്യാര്‍ത്തിയാണ് ഉത്തരാഖണ്ഡിലും തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ സുപ്രിം കോടതിയുടെ നീക്കത്തില്‍ അഭിമാനമുണ്ട്. രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ കോടതിക്കു മാത്രമേ കഴിയൂ എന്നത് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടുവെന്നും സോണിയാഗാന്ധി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കര്‍ഷകരും ന്യൂനപക്ഷങ്ങളും സ്ത്രീകളുമെല്ലാമാണ്. ലക്ഷക്കണത്തിന് കുടുംബങ്ങളാണ് ജീവിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നതെന്നും സോണിയാഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."