കേരളത്തിലെ സി.പി.എമ്മിന്റെ ആത്മവിശ്വാസം തകര്‍ന്നെന്ന് സി.പി ജോണ്‍
എരുമപ്പെട്ടി: എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തിലെ സി.പി.എമ്മിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണെന്നും പരാജയം മുന്നില്‍ കണ്ട് വിറളി പിടിച്ചാണ് സി.പി.എം നേതാക്കളും പാര്‍ട്ടി മുഖപത്രവും രാഹുല്‍ ഗാന്ധിയേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളേയും മോശമായി ചിത്രീകരിക്കുന്നതെന്നും യു.ഡി.എഫ് വക്താവും സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. എരുമപ്പെട്ടി പ്രസ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കും. ഇത് മനസിലാക്കിയ എല്‍.ഡി.എഫ് നേതൃത്വം പരാജയ ഭീതിമൂലം രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ച് മോശമായ പ്രസ്താവനകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ മുഖ്യശത്രു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളായ ബി.ജെ.പി തന്നെയാണ്. അതേസമയം കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും ഗുണ്ടായിസവും നടപ്പിലാക്കുന്ന സി.പി.എമ്മിനെ എതിര്‍ക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രഖ്യാപിത നയമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കുന്നംകുളം നിയോജ മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്, നേതാക്കളായ പി.ആര്.എന്‍ നമ്പീശന്, വി. കേശവന്, എം.കെ ജോസ്, എം.എം സലീം, ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."