കര്‍ണാടകയില്‍ നിന്നുള്ള മലയാളികളെ കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മര്‍ദനം
കൊല്ലം: കര്‍ണാടകയില്‍ നിന്നെത്തിയ മലയാളികളെ വീടുകളില്‍ ക്വാറന്റൈനിലാക്കാന്‍ കൊണ്ടുവന്ന ആംബുലന്‍സിന്റെ ഡ്രൈവറെ നാട്ടുകാര്‍ മര്‍ദിച്ചു. ഞായറാഴ്ച രാത്രി പത്തോടെ ഏരൂര്‍ മണലിപ്പച്ച ഗവ. എല്‍.പി സ്‌കൂളിന് സമീപമാണ് സംഭവം. കുളത്തൂപ്പുഴ മണലിപ്പച്ച സ്വദേശികളായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് കൊട്ടാരക്കര എത്തിയിരുന്നു. കൊട്ടാരക്കര തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം ഇവരെ ഹോം ക്വാറന്റൈനിലാക്കാനായാണ് ആംബുലന്‍സില്‍ ഇവിടെയെത്തിച്ചത്.
ആംബുലന്‍സില്‍ കൊവിഡ് രോഗികള്‍ എത്തിയെന്ന പ്രചാരണത്തില്‍ പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങള്‍ ആംബുലന്‍സ് തടഞ്ഞുവച്ചു. ഇരുവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസെത്തി ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കര്‍ണാടകയില്‍ നിന്ന് എത്തിയവരെ മണലിപ്പച്ചയിലെ വസതിയില്‍ തന്നെ ക്വാറന്റൈന്‍ സംവിധാനം ഒരുക്കി നല്‍കുകയും ചെയ്തു. മണലിപ്പച്ച സ്വദേശി അനീഷ് എന്നയാളാണ് മര്‍ദിച്ചതെന്ന് ഏരൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിന്മേല്‍ അനീഷിനെതിരേ ഏരൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."