റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ നടപടി ഉടന്‍ ആരംഭിക്കും
കഞ്ഞിക്കുഴി പ്ലാന്റേഷന് കോര്‍പ്പറേഷനു സമീപമുള്ള റെയില്‍വേ തുരങ്കമാണു ആദ്യം ഇരട്ടിപ്പിക്കുക
കോട്ടയം: കോട്ടയത്തിനു പ്രതീക്ഷ നല്കി റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. കഞ്ഞിക്കുഴി പ്ലാന്റേഷന് കോര്‍പ്പറേഷനു സമീപമുള്ള റെയില്‍വേ തുരങ്കമാണു ആദ്യം ഇരട്ടിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുക.
നിര്‍മാണം ആരംഭിക്കുമ്പോള്‍ കെ.കെ റോഡിലെ ഗതാഗതം തടസപ്പെടുമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടും. റെയില്‍വേ അധികൃതര്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവരുമായി ഉടന്‍ കൂടിയാലോചന നടത്തും.
കഞ്ഞിക്കുഴി, പ്ലാന്റേഷന് കോര്പ്പറേഷന് കേന്ദ്ര ഓഫിസിനുസമീപമുള്ള തുരങ്കത്തോടു ചേര്‍ന്നു പാതയിരട്ടിപ്പിക്കല്‍ നടപടികള്‍ ആറു മാസത്തിനകം തുടങ്ങാനാണ് റെയില്‍വേയുടെ തീരുമാനം.
ഇതിനു മുന്നോടിയായി തുരങ്കത്തിന്റെ മുകളിലൂടെ പുതിയ പാലം പണിയും. ഈ സമയത്ത് കെ.കെ റോഡിലൂടെയുളള ഗതാഗതം തടസപ്പെടാതിരിക്കാന്‍ റബര്‍ബോര്‍ഡ് ആസ്ഥാനത്തിനു മുന്നിലൂടെയുള്ള റോഡ് നവീകരിക്കുന്നതിനും മുട്ടമ്പലം അടിപ്പാലം നിര്‍മിക്കുന്നതിനുമുള്ള രൂപരേഖ തയാറാക്കുന്ന ജോലികള്‍ റെയില്‍വേ ആരംഭിച്ചു. തുരങ്കം അതുപോലെ നിലനിര്‍ത്തും.
തുരങ്കത്തിന്റ സമീപം മണ്ണെടുത്തുമാറ്റി ഇരട്ടപ്പാതയ്ക്കായി വീതികൂട്ടും. ഇരട്ടപ്പാത വരുന്നതോടെ തുരങ്കങ്ങള്‍ ട്രെയിനുകളുടെ ഷണ്ടിംഗിനായി ഉപയോഗിക്കും.
പുതിയ ഇരട്ടപ്പാതയില്‍ വശത്തുനിന്നു മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കൊങ്കണ്‍ മാതൃകയില്‍ കല്ലുകള്‍ അടുക്കി സംരക്ഷണ ഭിത്തിയും സ്ഥാപിക്കും.
കോട്ടയം സ്റ്റേഷനില്‍നിന്നു ചിങ്ങവനത്തേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം കുന്നായ ഭാഗമാണ്. ഇവിടുത്തെ മണ്ണു നീക്കിയാണു പാത ഇരട്ടിപ്പിക്കുന്നത്. രണ്ട് റയില്പാളങ്ങള് സ്ഥാപിക്കാനുളള വീതിയിലാണു തുരങ്കത്തിനുസമീപം മണ്ണെടുത്ത് നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."