കയര്‍ ഫാക്ടറി തൊഴിലാളികള്‍ പണിമുടക്കിലേക്ക്
മുഹമ്മ: സി.ഐ.ആര്‍.സി പ്രകാരമുള്ള കൂലിവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു സമരത്തിലേക്ക്. കൂലിവര്‍ധന നടപ്പാക്കാത്ത കയര്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ ഈ മാസം 10 മുതല്‍ പണിമുടക്ക് സമരം തുടങ്ങാനാണ് യൂനിയന്‍ തീരുമാനം. 2015 ല്‍ അംഗീകരിച്ച കൂലി വ്യവസ്ഥയുടെ കാലാവധി അവസാനിച്ചതോടെയാണ് ജൂലൈ ഒന്നിന് ചേര്‍ന്ന സി.ഐ.ആര്‍.സി യോഗം 18.8 ശതമാനം കൂലി വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിച്ച് നല്‍കാന്‍ തയാറാകുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
സി ഐ ആര്‍ സി തീരുമാനമനുസരിച്ച് 700 ഗ്രാം വലപ്പായുടെ കൂലി ഡി എ ഉള്‍പ്പെടെ 17 രൂപ 54 പൈസയാണ്. എന്നാല്‍ ചെറുകിട ഉടമ അസോസിയേഷന്‍ ഇതിനുവിരുദ്ധമായി സ്വന്തം നിലയ്ക്ക് കൂലി തീരുമാനിച്ച് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 900 ഗ്രാം വലപ്പായ്ക്ക് 11 രൂപയും 700 ഗ്രാമിന് പത്തു രൂപയും 600 ഗ്രാമിന് 5 രൂപയും നല്‍കാമെന്നാണ് ഉടമ അസോസിയേഷന്‍ നിലപാട്. കയറ്റുമതിക്കാരില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങി വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള ഏജന്‍സി പണിയാണ് ഉടമ അസോസിയേഷന്‍ നടത്തുന്നതെന്ന് സി ഐ ടി യു യൂണിയന്‍ ആരോപിച്ചു. കൂലിവര്‍ധന നടപ്പാക്കാത്ത ചെറുകിട ഫാക്ടറികള്‍ക്ക് മുന്നില്‍ ഈ മാസം 10ന് പണിമുടക്ക് നടത്തി പ്രത്യക്ഷ സമരം തുടങ്ങും. സ്റ്റെന്‍സിലിംഗ് അടക്കം ഫിനിഷിംഗ് രംഗത്തെ തൊഴിലാളികള്‍ക്കും വര്‍ദ്ധിപ്പിച്ച കൂലി ലഭ്യമാക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സി.കെ സുരേന്ദ്രന്‍ പി.സുരേന്ദ്രന്‍, ജെ. ജയലാല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."