കാടുകയറിയ കുട്ടികളുടെ പാര്‍ക്ക് ഇഴജന്തുക്കളുടെ താവളമാകുന്നു
കിളിമാനൂര്‍: 15 ലക്ഷം ചെലവിട്ട് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് കാടു കയറി ഇഴജന്തുക്കളുടെ താവളമാകുന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കുട്ടികളുടെ പാര്‍ക്കിനാണ് ഈ ദുരവസ്ഥ.
2016 നവംബറിലാണ് പാര്‍ക്ക് തട്ടികൂട്ട് പരിപാടിയിലൂടെ നാട്ടുകാരെ ആരെയും അറിയിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. രണ്ടു ഘട്ടമായി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞശേഷം നാളിതുവരെ ഒരു കുട്ടി പോലും പാര്‍ക്കിനുള്ളില്‍ കയറിയിട്ടില്ല. പാര്‍ക്കിനുള്ളില്‍ മൂന്ന് വശവും ചുറ്റുമതിലും കാട് കയറി കഴിഞ്ഞു.
കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പാര്‍ക്കിനുള്ളില്‍ കയറിയിരുന്ന് വിശ്രമിക്കാനോ, കളികളില്‍ ഏര്‍പ്പെടാനോ പറ്റിയ അന്തരീക്ഷമല്ല നിലവിലുള്ളത്. പകലാണെങ്കില്‍ തണല്‍ നല്‍കാന്‍ ഒരു മരം പോലും പാര്‍ക്കിനുള്ളില്‍ ഇല്ല.
സന്ധ്യ കഴിഞ്ഞാല്‍ പാര്‍ക്കിലും ബസ് സ്റ്റാന്‍ഡിലും ആവശ്യത്തിന് പ്രകാശ സംവിധാനവും ഇല്ല. ഇവിടെ പാര്‍ക്കിന് പദ്ധതിയിട്ടപ്പോള്‍ തന്നെ അഴിമതിക്ക് നിലമൊരുക്കലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന നിലയിലാണ് പാര്‍ക്കിന്റെ ഇപ്പോഴത്തെ അവസ്ഥ.
താമസംവിനാ പാര്‍ക്ക് ഉപയോഗമല്ലന്ന് കണ്ട് പൊളിച്ചുകളയുന്ന സ്ഥിതി ഉണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."