കാര്‍ഷിക കര്‍മസേനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും: സുനില്‍കുമാര്‍
തിരുവനന്തപുരം: കാര്‍ഷിക കര്‍മസേനകള്‍ സംസ്ഥാനമൊട്ടാകെ രൂപീകരിച്ച് കാര്‍ഷിക മേഖലയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. ക്യഷി വകുപ്പിന്റെ ബജറ്റ് വിഹിതവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല്, പച്ചക്കറി എന്നിവയുടെ വികസനത്തിനായി 137 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണാനുമതി കിട്ടുന്ന പദ്ധതികള്‍ ഇത്തവണ വളരെ നേരത്തെ തന്നെ പൂര്‍ത്തീകരിക്കും. തദ്ദേശസ്വയംഭരണ വകുപ്പുമായി ഏകോപിപ്പിച്ചായിരിക്കും കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുക. അടുത്ത നാലു വര്‍ഷത്തിനകം നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടര്‍ ആയി ഉയര്‍ത്തും. തൃശൂര്‍ കോള്‍പ്പാടത്തും ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒരുപ്പൂ കൃഷിയിടങ്ങളിലും ഇരുപ്പൂ കൃഷി ഇറക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വയനാടിനെ പരമ്പരാഗത നെല്ലിനങ്ങളുടെ കേന്ദ്രമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. കരനെല്‍കൃഷി ഈ വര്‍ഷം 10,000 ഹെക്ടര്‍ സ്ഥലത്തുകൂടി വ്യാപിപ്പിക്കും. സുഗന്ധ നെല്ലിനങ്ങള്‍ കര്‍ഷകരില്‍നിന്ന് കൂടുതല്‍ വില നല്‍കി സംഭരിച്ച് മറ്റുളളവര്‍ക്ക് കൃഷിക്കായി എത്തിക്കും. 3,000 ഹെക്ടര്‍ അധികം സുഗന്ധ നെല്ലിനങ്ങള്‍ ഈ വര്‍ഷം കൃഷി ചെയ്യാനാണ് പദ്ധതി.
പച്ചക്കറി കൃഷിക്ക് വിപണനം, കൂട്ടുകൃഷി എന്നിവ ശക്തപ്പെടുത്തുന്നതിന് നൂതനപദ്ധതികള്‍ നടപ്പിലാക്കും. ഗ്രാമച്ചന്തകള്‍ പ്രോത്സാഹിപ്പിക്കുകയും ബ്ലോക്ക് തലത്തില്‍ പ്രദര്‍ശനത്തോട്ടങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. കഞ്ഞിക്കുഴി, പഴയന്നൂര്‍ പോലുളള തെരെഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പച്ചക്കറിയുടെ മൊത്ത വിപണനം ശക്തിപ്പെടുത്തും. പാലക്കാട്ട് വരള്‍ച്ചാ ദുരിതം ബാധിച്ച കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കും. തരിശുനിലങ്ങളില്‍ ഉഴുന്ന്, പയര്‍, എള്ള് എന്നിവ വ്യാപകമായി കൃഷിയിറക്കുമെന്നും മന്ത്രി പറഞ്ഞു. ഉപ്പുവെളളത്തിന്റെ പ്രശ്‌നം നേരിടുന്ന മേഖലകളില്‍ പ്രതിരോധശേഷിയുളള നെല്ലിനങ്ങള്‍ വ്യാപിപ്പിക്കാനും എല്ലാ കൃഷി ഭവനുകളിലും നെല്‍വയല്‍ മാപ്പ് ഉടന്‍ തന്നെ തയ്യാറാക്കി നല്‍കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."