നെറ്റ് : സംസ്ഥാനത്ത് 38,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി
തിരുവനന്തപുരം: ഇന്നലെ നടന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി(നെറ്റ്)ല്‍ സംസ്ഥാനത്ത് 38,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. മൂന്ന് മേഖലകളില്‍ 90 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. അതേസമയം കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധിപേര്‍ പരീക്ഷയെഴുതാതെ മടങ്ങി.
രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 7.30നുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മൂന്ന് പേപ്പറുകളായാണ് പരീക്ഷ നടത്തിയിരുന്നതെങ്കില്‍ ഇത്തവണ രണ്ട് പേപ്പറാണ് ഉണ്ടായിരുന്നത്. 9.30 മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജനറല്‍ പേപ്പറും 11 മുതല്‍ ഒന്നുവരെ രണ്ടാം പേപ്പറുമാണ് ഉണ്ടായിരുന്നത്. രണ്ട് പരീക്ഷകള്‍ക്കും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രത്തിന് പുറത്തിറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ക്രമക്കേടുകള്‍ തടയാന്‍ വാച്ച്, മെറ്റല്‍ ക്ലിപ്പുകള്‍ തുടങ്ങിയവയും കട്ട് ഷൂ മോഡലിലുള്ള പാദരക്ഷകളും ധരിക്കരുതെന്നും വെള്ളക്കുപ്പികള്‍ കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.
കര്‍ശന പരിശോധനക്കുശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. പരീക്ഷാ ഹാളില്‍ ഹാള്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
താലിമാല ഉള്‍പ്പെടെയുള്ളവക്ക് പ്രവേശനഹാളില്‍ വിലക്കേര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിരവധി പേര്‍ പരീക്ഷയെഴുതാതെ മടങ്ങി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ താലിമാല ഊരാന്‍ വിസമ്മതിച്ചു. പരീക്ഷാ സെന്ററുകളില്‍ ആവശ്യത്തിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലായിരുന്നെന്നും പരാതിയുണ്ട്.
തലസ്ഥാന നഗരിയില്‍ മാത്രം ഒന്‍പത് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് 14,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. തലസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 17,500 വിദ്യാര്‍ഥികളില്‍ 3,500 പേര്‍ പരീക്ഷയക്ക് എത്തിയില്ല. എറണാകുളത്ത് 15,000വും കാസര്‍കോട് 9,000വും വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."