അഭിമന്യു വധം: കൊലയാളികള്‍ രക്ഷപ്പെട്ടത് ഓട്ടോറിക്ഷയില്‍?
കൊച്ചി: അഭിമന്യു വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ റിക്ഷാ ഡ്രൈവര്‍. സംഭവ ദിവസം അര്‍ധരാത്രി ഒരുമണിക്ക് നാലംഗസംഘത്തെ തന്റെ ഓട്ടോറിക്ഷയില്‍ തോപ്പുംപടിയില്‍ എത്തിച്ചതായാണ് ഓട്ടോ റിക്ഷാ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കൊലനടന്ന മഹാരാജാസ് കോളജില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ജോസ് ജങ്ഷനില്‍ നിന്നാണ് സംഘം തന്റെ ഓട്ടോയില്‍ കയറിയതെന്നും ഇത് കൊലയാളിസംഘം ആയിരിക്കാമെന്നും ഡ്രൈവര്‍ പറയുന്നു.
നാലംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ അസാധാരണമായി എന്തോ സംഭവിച്ചതിന്റെ സൂചനയുണ്ടായിരുന്നു. ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ കളി കാണുന്നതിനിടെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായെന്ന് അവര്‍ പറഞ്ഞു.
ആദ്യം തേവരയില്‍ ഇറക്കാനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് തോപ്പുംപടി പെട്രോള്‍ പമ്പിനടുത്ത് ഇറക്കാനും ആവശ്യപ്പെട്ടു. ഇവിടെ ഇറക്കി വിട്ടശേഷം സംഘം എവിടേക്കാണ് പോയതെന്ന് അറിയില്ല. തിരിച്ച് എറണാകുളത്തെത്തിയപ്പോഴാണ് മഹാരാജാസില്‍ നടന്ന സംഭവം അറിയുന്നത്. ഉടന്‍ തന്നെ സെന്‍ട്രല്‍ പൊലിസില്‍ വിവരം അറിയിച്ചതായും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
തോപ്പുംപടിയില്‍ സംഘത്തെ ഇറക്കിവിട്ട സ്ഥലം പൊലിസിന് കാണിച്ചുകൊടുത്തിരുന്നു. പെട്രോള്‍ പമ്പിന്റെ സി.സി.ടി.വിയില്‍ സംഘം വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രണ്ടു പേരെ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൊലയാളിസംഘം വാഹനമില്ലാതെയാണോ സംഭവസ്ഥലത്തെത്തിയത് എന്നതിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
ആയുധവുമായി വാഹനത്തിലെത്തിയ സംഘം തിരിച്ചുപോകാന്‍ ഓട്ടോറിക്ഷയെ ആശ്രയിച്ചതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ആക്രമിസംഘം എത്തിയ എട്ടു ബൈക്കും ഒരു കാറും പൊലിസ് പിടികൂടിയിരുന്നു. കൊലപാതകത്തിനുശേഷം ചിതറിയോടിയ സംഘം ഓട്ടോറിക്ഷയില്‍ നഗരം വിട്ടേക്കാം എന്ന നിഗമനത്തിലാണ് പൊലിസ്.
മുഹമ്മദിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍
കൊച്ചി: അഭിമന്യുവധക്കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുമായ മുഹമ്മദിന് അഭിമന്യുവുമായി വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദ് കാംപസില്‍ വല്ലപ്പോഴുമാണ് എത്തിയിരുന്നത്.
സംഘടനാതലത്തിലും സജീവമായിരുന്നില്ല. കോളജിനകത്ത് എസ്.എഫ്.ഐക്ക് കാംപസ് ഫ്രണ്ടുമായി സൗഹൃദങ്ങളൊന്നുമില്ലെന്നും അഭിമന്യുവിന് വ്യക്തിപരമായി ഇവരുമായി സൗഹൃദമില്ലായിരുന്നുവെന്നും കോളജ് യൂനിയന്‍ അംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞദിവസം ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. മുഹമ്മദ് പഠിക്കുന്ന അറബിക് വകുപ്പ് കോളജിന്റ ഒരു കോണിലായതിനാല്‍ ഇയാളെ അധികം കാണാറുണ്ടായിരുന്നില്ല. മുഹമ്മദുമായുള്ള സൗഹൃദത്തെപ്പറ്റി അഭിമന്യു പറഞ്ഞിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. കൊലനടന്ന രാത്രി അഭിമന്യു എത്തിയത് ആരെങ്കിലും ഫോണില്‍ വിളിച്ചിട്ടാണെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."